വാഷിംഗ്ടൺ: കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ മുതലെടുക്കാനുള്ള ശ്രമമാണ് ചെെന നടത്തുന്നതെന്ന് അമേരിക്ക. വുഹാനിൽ നിന്നുമുണ്ടായ കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ ലോകം ഒരുമിച്ച് നീങ്ങുമ്പോൾ ഈ പ്രതിസന്ധി അവസരമായി ചെെന ഉപയോഗിക്കുന്നതായാണ് കാണാൻ സാധിക്കുന്നതെന്നും അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റില്‍വെല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലഡാക്കിലെ സംഘർഷം ചെെനയുടെ മുതലെടുപ്പിന് ഉദാഹരണമാണെന്നും സമാധാന ചർച്ചകളിലൂടെ ഇന്ത്യയുമായുളള അതിർത്തി പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കാൻ ചെെന തയ്യാറാകണമെന്നും സ്റ്റില്‍വെല്‍ ആവശ്യപ്പെട്ടു. തുടർച്ചയായി ലഡാക്ക് അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കാനുളള ചെെനയുടെ നീക്കങ്ങളെ അക്കമിട്ടു നിരത്തിയായിരുന്നു സ്റ്റില്‍വെലിന്റെ വിമർശനം.
ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രസ്താവനയിലൂടെ അറിയിച്ചതായും ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും നിലപാടുകളിൽ നിന്ന് പിന്തിരിയാൻ തയ്യാറായിട്ടില്ലെന്നും പോംപെയോ തന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹോങ്കോംഗിലെ ജനങ്ങളുടെ സ്വാതന്ത്ര്യം പിടിച്ചടക്കുകയും ഇന്ത്യൻ അതിർത്തിയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവമാണ് കാഴ്ചവയ്ക്കുന്നതെന്നും യു.എസ് ആരോപിച്ചു. ദക്ഷിണ ചൈനാ കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങൾക്കെതിരെയും സ്റ്റില്‍വെല്‍ നേരത്തേ രംഗത്തുവന്നിരുന്നു.