ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ചർച്ചയ്ക്കായി ക്ഷണിച്ചു. മോസ്‌കോയിലെ ഷാങ്ഹായിൽ ഉച്ചകോടിയ്ക്കിടെയാണ് പ്രത്യേക ചർച്ചയ്ക്ക് ചൈന ഇന്ത്യയെ ക്ഷണിച്ചത്.
എന്നാൽ ചൈനീസ് പ്രതിരോധമന്ത്രിയുടെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെയാണ് ചൈന ഇന്ത്യയെ ചർച്ചയ്ക്കായി ക്ഷണിച്ചത്. അതേസമയം ചൈന ഇപ്പോഴും പ്രകോപനം തുടരുകയാണ്. ചുഷൂൽ മേഖലയിൽ ചൈന കൂടുതൽ സേനയെ എത്തിച്ചു.
കരസേന മേധാവി ജനറല്‍ എം എം നരവനെ ലഡാക്കിൽ തുടരുകയാണ്. അദ്ദേഹം ഇന്നും സംഘര്‍ഷ മേഖലകളിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തും.ചുഷൂൽ മലനിരകളിലെ കടന്നുകയറ്റം പരാജയപ്പെട്ടതിനാൽ ചൈന മറ്റു മേഖലകളിൽ സമാന നീക്കം നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് അരുണാചൽ അതിർത്തി, ദൗലത് ബേഗ് ഓൾഡി, പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗർ-2 ഫിംഗർ-3 മേഖലകളിലും ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു.
ആഗസ്‌റ്റ് 29, 30 തിയതികളിൽ രാത്രിയിലാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കയറിയ ചൈനീസ് പട്ടാളത്തെ സേന തുരത്തിയത്. എല്ലാ സൈനിക പോസ്‌റ്റുകളും ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്ന് അവലോകന യോഗത്തിൽ സൈനിക കമാൻഡർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.