മുംബയ്: നടി റിയ ചക്രവർത്തിയുടെ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെയോടെയാണ് എൻ.സി.ബി നടിയുടെ മുംബയിലെ വസതിയിലെത്തിയത്. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെ, കാമുകിയായ റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് റെയ്ഡ് നടത്തുന്നത്.
നേരത്തെ എൻ.സി.ബി അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്ക് ചക്രവർത്തിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുശാന്ത് സിംഗിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയ്ക്കും സയിദ് കഞ്ചാവ് വിതരണം ചെയ്തുവെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സാമുവലിന്റെ വസതിയിലും എൻ.സി.ബി പരിശോധന നടത്തി.
സുശാന്ത് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി നേരത്തെ റിയ സമ്മതിച്ചിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നായിരുന്നു റിയയുടെ നിലപാട്. നടിയുടെ മൊബൈലിൽ മയക്കുമരുന്ന് സംബന്ധിച്ച ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2019 നവംബർ 15ന് വാട്സാപ്പിലൂടെ സിദ്ധാർത്ഥ് പിത്താനി, ആയുഷ്, അശോക്, സാമുവൽ മിറാൻഡ തുടങ്ങിയവരുമായി റിയ ചാറ്റ് നടത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ജയ ഷായുമായി റിയ നടത്തിയ ചാറ്റിൽ സി.ബി.ഡി എന്ന ലഹരിമരുന്ന് സുശാന്തിന്റെ കോഫിയിൽ കലർത്തി നൽകാനും നിർദ്ദേശമുണ്ട്. ചോദ്യം ചെയ്യലിൽ ജയ അത് സമ്മതിച്ചതായും വിവരമുണ്ട്.ലഹരി മരുന്നുകൾ, കഞ്ചാവ് ചേർത്തുണ്ടാക്കുന്ന സിഗരറ്റായ ഡൂബീസ് തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഇവർ മറ്റുള്ളവരുമായി ചാറ്റ് നടത്തിയിരിക്കുന്നത്.