bhaskaran

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടില്ലെന്നും ഒക്ടോബർ മൂന്നാംവാരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ കമ്മിഷൻ പൂർണ സജ്ജമാണ്. വി. ഭാസ്‌കരൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ഭരണസമിതികൾ നവംബറിൽ
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നവംബർ 12നകം അധികാരത്തിൽ വരണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകും. ഇനിയുള്ള രണ്ടുമാസം കൊണ്ട് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ കമ്മിഷൻ സ്വീകരിച്ചു വരികയാണ്. വോട്ടർ പട്ടികയുടെ കാര്യങ്ങൾ പൂ‌ർത്തിയായിട്ടുണ്ട്. റിസർവേഷൻ ഷെഡ്യൂളും തയ്യാറായിക്കഴിഞ്ഞു. ഒക്ടോബർ മൂന്നാംവാരത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ്. കൊവിഡ് വ്യാപനം ഒക്‌ടോബർ അവസാനത്തോടെ രൂക്ഷമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ,​ വോട്ടെടുപ്പ് നടത്തുന്നതിന് ആശങ്കയൊന്നുമില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ പൂർണമായി സജ്ജമാണ്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പരിശീലനം

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് പരിശീലനം നൽകുന്നതിനായി നിയോഗിക്കപ്പെട്ട മാസ്റ്റർ ട്രെയിനികൾക്ക് ഓൺലൈനിലാണ് പരിശീലനം. 7,8,9 തീയതികളിൽ ഓൺലൈൻ വഴി ക്ളാസ് നൽകുന്നുണ്ട്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ മാസ്റ്റർ ട്രെയിനികൾക്ക് 15, 16,17 തീയതികളിൽ ഓൺലൈൻ ക്ളാസ് നൽകും. റിട്ടേണിംഗ് ഓഫീസർമാർ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് തലത്തിൽ 30 പേരടങ്ങുന്ന ബാച്ചുകളായിട്ടാവും പരിശീലനം.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും

പ്രചാരണത്തിലും വോട്ടെടുപ്പിലും പൂർണമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടേ വോട്ടെടുപ്പിന്റെ തീയതി നിശ്ചയിക്കൂ. ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരുമായും കൂടിയാലോചനകൾ നടത്തും.

പ്രചാരണത്തിന് നിയന്ത്രണം

കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടാകും. വീടുകളിൽ കയറി പ്രചാരണം നടത്തുന്നത് മൂന്ന് പേരായി ചുരുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടാൽ അത് അഞ്ചാക്കിയേക്കും. രാഷ്ട്രീയ പാർട്ടികൾ വെർച്വലായി പ്രചാരണം നടത്തേണ്ടിയും വരും. മാത്രമല്ല, നവമാദ്ധ്യമങ്ങളും ഉപയോഗിക്കാം. ഇതെല്ലാമടങ്ങുന്ന മാർഗരേഖയുടെ കരട് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയപാർട്ടികളുമായി ചർച്ച ചെയ്ത ശേഷം അന്തിമരൂപം നൽകും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധപ്രവർത്തനങ്ങളും ആരോഗ്യവകുപ്പുമായി ചേർന്നായിരിക്കും. ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും ബോധവത്കരണം നൽകും.

ഉദ്യോഗസ്ഥർക്ക് മാസ്‌ക്,​ കൈയുറ,​ സാനിറ്റൈസർ

ബൂത്തിലെത്തുന്ന വോട്ടർമാർ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. വോട്ടർമാർ ബൂത്തിലേക്ക് കയറുന്നതിന് മുമ്പായി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വോട്ട് ചെയ്ത ശേഷവും അങ്ങനെ ചെയ്യണം. ഇതിനായി ഓരോ ബൂത്തിലും അഞ്ച് ലിറ്റർ സാനിറ്റൈസർ നൽകും. ഉദ്യോഗസ്ഥർക്ക് മാസ്‌ക്, കൈയുറ, സാനിറ്റൈസർ എന്നിവയും ലഭ്യമാക്കും.

പ്രോക്‌സി/ തപാൽ വോട്ടിൽ തീരുമാനമായില്ല

കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും വോട്ട് ചെയ്യുന്നതിന് പ്രോക്‌സി അല്ലെങ്കിൽ തപാൽ വോട്ട് അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അക്കാര്യങ്ങളെല്ലാം സർക്കാരാണ് തീരുമാനിക്കേണ്ടത്. നിയമഭേദഗതികളും ആവശ്യമാണ്.

ചെലവ് 200 കോടി

180 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ , കൊവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താൽ ചെലവ് 200 കോടിയാകും. അധിക ചെലവ് ഉണ്ടായാലും കമ്മിഷൻ തന്നെ വഹിക്കും.