കോട്ടയം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവും പാർട്ടി പേരും ചിഹ്നവും ലഭിച്ചതോടെ ശക്തി ഉറപ്പിക്കാനൊരുങ്ങി ജോസ് വിഭാഗം. ഇതിനായി എല്ലാ ജില്ലകളിലും ജോസ് കെ മാണി വിളിച്ച നേതൃയോഗങ്ങൾക്ക് തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ പാർട്ടിയുടെ ശക്തികേന്ദ്രമായ കോട്ടയത്താണ് യോഗം ചേർന്നത്. നിയോജക മണ്ഡലം പ്രസിഡന്റുമാരോട് കൂറുമാറിയവരുടെ പട്ടികയുമായി എത്താനാണ് ജോസ് കെ മാണിയുടെ നിർദേശം. പട്ടികയനുസരിച്ച് കൂറുമാറിയവർക്കെല്ലാം നോട്ടീസ് നൽകും.
നോട്ടീസ് ഏതു വിധത്തിൽ തയ്യാറാക്കി നൽകണമെന്നത് സംബന്ധിച്ച് പാർട്ടി നിയമോപദേശം തേടിയിട്ടുണ്ട്. ഇതു ലഭിച്ചാലുടൻ നോട്ടീസ് നൽകി തുടങ്ങുമെന്നാണ് സൂചന. കോട്ടയത്ത് മറുകണ്ടം ചാടിയവരിൽ ചിലർ നടപടി ഭയന്ന് തിരികെ വരാൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ജോസ് പക്ഷത്തെ നേതാക്കളുടെ വാദം. ഇവരുമായി ചർച്ച നടത്താൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചു. തിരികെ എടുത്താൽ അതാതു പ്രദേശത്തെ അണികളിൽ നിന്നും എത്രമാത്രം എതിർപ്പുണ്ടാകുമെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സമിതി പഠിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാൻ കഴിയുന്ന വാർഡുകളുടെ പട്ടികയും പാർട്ടി യോഗത്തിൽ തയ്യാറാക്കുന്നുണ്ട്. തർക്കത്തിന് കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ ജോസഫ് പക്ഷത്തേക്ക് മാറിയ രണ്ട് അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി എടുക്കും.