ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്. ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് അരകിലോ മീറ്റർ അകലെയാണ് പെൺകുട്ടിയെ തലയിൽ മുറിവുകളോടെ കണ്ടെത്തിയത്.
പോസ്‌റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ നാല് സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സ്‌കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17കാരിയെ ഗ്രാമത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ലഖിംപൂർ ഖേരി ജില്ല കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. അതും ബലാത്സംഗത്തിന് ശേഷം നടത്തിയ കൊലപാതകമായിരുന്നു.
ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വരണ്ട കുളത്തിനടുത്താണ് അന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനുമുമ്പ് 13 വയസുകാരിയെ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു ടീം അടുത്തിടെ സംസ്ഥാന സർക്കാർ രൂപീകരിച്ചിരുന്നു.