ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തിപ്രശ്നങ്ങൾ നയതന്ത്രമാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണെന്നും അതിർത്തിയിൽ നിലവിലുളള സാഹചര്യങ്ങളെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.
'ലഡാക്കിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാൻ ഇരുകൂട്ടരും ബാദ്ധ്യസ്ഥരാണ്. നയതന്ത്രതലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പൂർണബോധ്യം എനിക്കുണ്ട്. അതിർത്തിയിൽ സംഭവിക്കുന്നത് ബന്ധങ്ങളെ ബാധിക്കുമെന്നത് യാഥാർത്ഥ്യമാണ്'- അദ്ദേഹം പറഞ്ഞു.
അതേസമയം ചുഷൂൽ മലനിരകളിലെ കടന്നുകയറ്റം പരാജയപ്പെട്ടതിനാൽ ചൈന മറ്റു മേഖലകളിൽ സമാന നീക്കം നടത്താനുളള സാദ്ധ്യത കണക്കിലെടുത്ത് അരുണാചൽ അതിർത്തി, ദൗലത് ബേഗ് ഓൾഡി, പാംഗോഗ് തടാകത്തിന് വടക്കുള്ള ഫിംഗർ-2 ഫിംഗർ-3 മേഖലകളിലും ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു. പട്രോളിംഗും ശക്തമാക്കി. ഓഗസ്റ്റ് 29, 30 തിയതികളിൽ രാത്രിയിലാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കയറിയ ചൈനീസ് പട്ടാളത്തെ സേന തുരത്തിയത്. എല്ലാ സൈനിക പോസ്റ്റുകളും ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്ന് അവലോകന യോഗത്തിൽ സൈനിക കമാൻഡർമാർ റിപ്പോർട്ട് നൽകി.
സംഘർഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് ചുഷൂലിൽ ബ്രിഗേഡിയർതല ചർച്ച ഇന്നലെയും തുടർന്നു.ക്യാമ്പിലെ പതിവ് വേദികൾക്ക് പകരം തുറന്ന സ്ഥലത്താണ് ഇന്നലെ യോഗം നടന്നത്. നിയന്ത്രണ രേഖ ലംഘിച്ചത് ചൈന അംഗീകരിക്കാത്തതിനാൽ യോഗത്തിൽ ഒത്തുതീർപ്പുണ്ടായിട്ടില്ല.