ബംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പ്രമുഖ നടിമാരുടെ വീടുകളിൽ ക്രൈംബ്രാഞ്ചും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും റെയ്ഡ് നടത്തി. ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കന്നഡ നടി രാഗിണി ദ്വിവേദിയുടെ വീട്ടിലും ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിയുടെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. രാഗിണിയോടും സുഹൃത്ത് രവിശങ്കറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. തുടർന്ന് രവിശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.നാളെ ഹാജരാകാമെന്ന് രാഗിണി അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. തുടർന്ന് രാഗിണിയോട് ഇന്ന് ഹാജാരാകാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജനയുടെ സഹായി രാഹുലിനെയും വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
കന്നട സിനിമാ താരങ്ങൾക്ക് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് അവകാശപ്പെട്ടിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജനയോടും ഹാജാരാകാൻ നിർദ്ദേശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കന്നട സിനിമാരംഗത്തെ 12 പ്രമുഖരെ കൂടി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.
റിയയ്ക്ക് കുരുക്ക് മുറുക്കി എൻ.സി.ബി
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിയുടെ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെയോടെയാണ് എൻ.സി.ബി നടിയുടെ മുംബയിലെ വസതിയിൽ പരിശോധന നടത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ റിയയ്ക്ക് ലഹരി റാക്കറ്റുമായി അടുപ്പമുണ്ടെന്ന സൂചനകൾ ലഭിച്ചിരുന്നു. നേരത്തെ എൻ.സി.ബി അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരൻ ഷോവിക്ക് ചക്രബർത്തിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയ്ക്കും സയിദ് കഞ്ചാവ് വിതരണം എത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സാമുവലിന്റെ വസതിയിലും എൻ.സി.ബി റെയ്ഡ് നടത്തി.
സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി നേരത്തെ റിയ തന്നെ വെളിപ്പെടുത്തിയിരുന്നു. റിയ മൊബൈലിൽ മയക്കുമരുന്ന് ഇടാപാടുകാരുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 15ന് വാട്സാപ്പിലൂടെ സിദ്ധാർത്ഥ് പിത്താനി, ആയുഷ്, അശോക്, സാമുവൽ മിറാൻഡ തുടങ്ങിയവരുമായി റിയ ചാറ്റ് നടത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ജയാ ഷായുമായി റിയ നടത്തിയ ചാറ്റിൽ സി.ബി.ഡി എന്ന ലഹരിമരുന്ന് സുശാന്തിന്റെ കോഫിയിൽ കലർത്തി നൽകാനും നിർദ്ദേശിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
രാഗിണിയെ ചോദ്യം ചെയ്യുന്നു
ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ കന്നട നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെയാണ് രാഗിണി ക്രൈംബ്രാഞ്ചിന് മുന്നിൽ
ഹാജരായത്. ചോദ്യം ചെയ്യലിൽ തനിക്ക് മയക്കുമരുന്ന് ഇടപാടുകാരുമായി ബന്ധമില്ലെന്നാണ് രാഗിണി പറഞ്ഞതെന്നാണ് സൂചന. മറുപടികൾ തൃപ്തികരമല്ലെങ്കിൽ രാഗിണിയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അനിഘ രാഗണി അടക്കം കന്നഡയിലെ പ്രമുഖ 10 സിനിമാതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു.