sanjana

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. റെയ്ഡ് ആരംഭിക്കുമ്പോൾ നടിയും ഫ്ളാറ്റിലുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് നടി ഇന്ന് ഹാജരാവാൻ ഇരിക്കെയാണ് റെയ്ഡ്. ചോദ്യംചെയ്യലിന് ഹാജരാവാൻ രാഗിണി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്രൈംബ്രാഞ്ച് ഇത് നിരസിച്ചിരുന്നു.

രാഗിണിയുടെ സുഹൃത്ത് രവി ശങ്കർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധമുളള ഇയാളാണ് മയക്കുമരുന്ന് പാർട്ടികൾക്ക് നേതൃത്വം കൊടുത്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ മേഖലയിലെ ഒരാൾ കൂടി അറസ്റ്റിലായതായി സൂചനയുണ്ട്. ആരോപണങ്ങളിൽ കാര്യമില്ലെന്നും ലഹരിമാഫിയയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രാഗിണി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

അതിനിടെ കേസിൽ സിനിമാമേഖലയിലെ കൂടുതൽ പേർ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചോദ്യംചെയ്യലിൽ ഹാജരാകാൻ നടിയും മോഡലുമായ സഞ്ജന ഗൽറാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജനക്കെതിരെ അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സിനിമാ മേഖലയിലെ മറ്റുചില പ്രമുഖരും നിരീക്ഷണത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് അധികൃതർ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാൻ അവർ തയ്യാറായിട്ടില്ല.