ആറ് ദിവസത്തെ ക്വാറന്റീൻ ദിനങ്ങൾ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളാണ് നൽകിയതെന്ന് 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ. ഐ.പി.എൽ 13നായി ദുബായിലെത്തിയപ്പോൾ അദ്ദേഹത്തിന് ആറ് ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വന്നു.
യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് അശ്വിൻ ആ ആറ് ദിനങ്ങളെക്കുറിച്ച് മനസ് തുറന്നത്.'കഴിഞ്ഞ അഞ്ച്-ആറ് മാസങ്ങളായി ഞാൻ വീട്ടിലായിരുന്നു.യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാം ലൈവിലൂടെയുമെല്ലാം സമയം പോയി. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആ ആറ് ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണ്. കാരണം ആദ്യ ദിവസം ഞാൻ പുറത്തേക്ക് നോക്കുമ്പോൾ എനിക്ക് ദുബായ് തടാകവും, ബുർജ് ഖലീഫയുമൊക്കെ കാണാൻ സാധിച്ചു. ആദ്യ ദിനം ഇത് അതിശയകരമായി തോന്നി. എന്നാൽ ഒരാൾക്ക് എത്രനേരം ഈ കാഴ്ചകൾ മാത്രം കണ്ടിരിക്കാനാകും? ഇത് വളരെ കഠിനമായിരുന്നു'-അശ്വിൻ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
ദുബായിൽ ഒറ്റപ്പെട്ടുപോയ ആ ആറ് ദിവസങ്ങളിൽ, സമയം കളയാൻ വേണ്ടി അശ്വിൻ കൂടുതലായി ആശ്രയിച്ചത് തന്റെ മൊബൈൽ ഫോണിനെയായിരുന്നു. എന്നാൽ തനിക്ക് പുസ്തകങ്ങൾ വായിക്കാനായി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
എന്നിരുന്നാലും,എല്ലാവരുടെയും കൊവിഡ് ഫലം നെഗറ്റീവ് അയതിനാൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.'സാധാരണയായി മൊബൈൽ ഫോൺ അധിക സമയം ഉപയോഗിക്കാത്ത ആളാണ് ഞാൻ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയോളം എന്റെ മൊബൈൽ ഉപയോഗം ആറുമണിക്കൂറായിരുന്നു'അദ്ദേഹം കൂട്ടിച്ചേർത്തു.