തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. ശ്രീകാര്യത്തിനുസമീപം ചേന്തിയിലായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായി ശരത് ലാലിനാണ് വെട്ടേറ്റത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ദീപുവാണ് ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.
ഒപ്പം യാത്രചെയ്യുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. തർക്കത്തിനെത്തുടർന്ന് ബൈക്കിൽ നിന്നിറങ്ങിയ ശരത് ലാലിനെ ബാഗിലൊളിപ്പിച്ച വെട്ടുകത്തികൊണ്ട് ദീപു ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശരത് സമീപത്തെ നഗരസഭാ കൗൺസിലറുടെ വീട്ടിലേക്ക് ഒാടിക്കയറിയാണ് രക്ഷപ്പെട്ടത്. ദീപു ഒളിവിലാണ്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.