ins

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ 'ഐ.എൻ.എസ് വിക്രാന്തി'ൽ ഉണ്ടായ മോഷണം ചാരപ്രവർത്തനമല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. പണത്തിന് വേണ്ടിയാണ് പ്രതികൾ കവർച്ച നടത്തിയതെന്നും എൻ.ഐ.എ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകും. കേസുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശി സുമിത് കുമാർ സിംഗ് (23 ) രാജസ്ഥാൻ സ്വദേശി ദയറാം (22) എന്നിവരെ എൻ.ഐ.എ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴും പണത്തിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നായിരുന്നു തെളിഞ്ഞത്. ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ എൻ.ഐ.എ തീരുമാനിച്ചത്.

2019 സെപ്തംബർ 14 നാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിലിരിക്കെ വിമാനവാഹിനി കപ്പലായ വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌കുകളും ആറ് റാൻഡം ആക്സസ് മെമ്മറിയും മൂന്ന് സി.പി.യുവും മോഷണം പോയത്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇവ. പെയിന്റിംഗ് കരാറുകാരന്റെ ജോലിക്കാരായി സ്ഥലത്തെത്തിയ സുമിത് കുമാറും ദയറാമും തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെത്തുടർന്നുള്ള വൈരാഗ്യം നിമിത്തമാണ് മോഷണം നടത്തിയതെന്ന് മൊഴി നൽകിയിരുന്നു.