കോട്ടയം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ പ്രതിയായ ബിജു എന്ന ഉണ്ണി കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആണെന്നും ഇതുവരെ അയാളെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കൊലപാതകത്തെ തുടർന്നുള്ള തങ്ങളുടെ വീഴ്ച മറയ്ക്കാൻ ഇരകളെ ബലിയാടുക്കുന്ന നയമാണ് കോൺഗ്രസിന്റേത്. കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് വെഞ്ഞാറമൂട് ഇരട്ടകൊലപാകത്തിന് ആസൂത്രണം നടത്തിയതെന്നും റഹീം ആരോപിച്ചു.
പ്രതികൾ കോൺഗ്രസിന് വേണ്ടപ്പെട്ടവരാണ്. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷ കൂടി കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ഇപ്പോഴേ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളുടെ നിയമസംരക്ഷണം കോൺഗ്രസ് ഏറ്റെടുത്ത് കഴിഞ്ഞു. കൊലയാളികളുടെ സംഘമാണ് കോൺഗ്രസെന്നും റഹീം വിമർശിച്ചു.
ഇരട്ടക്കൊലപാതകക്കേസിൽ ഡി.സി.സി നേതൃത്വത്തിനും പങ്കുണ്ട്. അറസ്റ്റിലായ പ്രവർത്തകരെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോൺഗ്രസ് ആക്ഷേപിക്കുകയാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ ആക്രമണത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിൽ പങ്കെടുത്തു. കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പ്രതിയായ ഷജിത്തിനെ അടൂർ പ്രകാശ് നേരിൽ കണ്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട് ആനാവൂർ പറഞ്ഞത് രണ്ട് സാദ്ധ്യതകൾ മാത്രമാണെന്നും റഹീം വ്യക്തമാക്കി.