ലോസ് ആഞ്ചലസ്: പൈലറ്റുമാരിലും അധികൃതരിലും ആശങ്ക സൃഷ്ടിച്ച് 'പറക്കും മനുഷ്യൻ'. ഫലാഡല്‍ഫിയയില്‍ നിന്ന് ലോസ് അഞ്ചലിസിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റാണ് ആദ്യം ആ കാഴ്ച കണ്ടത്.
വിമാനത്തില്‍ നിന്ന് വെറും 300 അടി മാത്രം ദൂരത്തിൽ ജെറ്റ് പാക്ക് ധരിച്ച് ഒരാൾ പറക്കുന്നു, അതും വളരെ വേഗത്തിൽ. കാഴ്ച കണ്ട് അമ്പരന്ന പൈലറ്റ് ഉടൻ തന്നെ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. അവിടെയുള്ളവരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ജെറ്റ്ബ്ലൂ എയര്‍ലൈന്‍ വിമാനത്തിന്റെ പൈലറ്റും ഇതേ കാര്യം റിപ്പോർട്ട് ചെയ്തതോടെ അധികൃതർ അപകടമുണ്ടാകുമോ എന്ന് ഭയന്നു.
ഒട്ടും താമസിക്കാതെ എഫ്ബിഐ, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജെറ്റ് പാക്കുമായി ബന്ധപ്പെട്ടുള്ള ഒരു കമ്പനി സാന്‍ ഫെര്‍ണാഡോ വാലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 അടിവരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ജെറ്റ്പാക്കാണ് ഈ കമ്പനിയുടേത്.