പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സി.ബി.ഐ സംഘം ഏറ്റുവാങ്ങി. റീ പോസ്‌റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം ഉടൻ കൊണ്ടു പോകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സി.ബി.ഐയുടെ മേൽനോട്ടത്തിലാകും പോസ്റ്റുമോർട്ടം നടക്കുക.
നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ മൂന്നംഗ പൊലീസ് സർജൻമാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റുമോർട്ടം ചെയ്യുക. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വിസ്റ്റും തയ്യാറാക്കും. പോസ്റ്റുമോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്.