ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നാല് മാസത്തോളമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്‌ക്ക് തയ്യാറായി ചൈന. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായി എത്തിയിരിക്കുന്ന ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്‌ഹെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചർച്ചയ്‌ക്ക് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ ഇതുവരെ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ചർച്ച നടത്താനാണ് ചൈനീസ് ശ്രമമെങ്കിലും ചർച്ച നടക്കുമോ എന്ന ഔദ്യോഗിക സ്ഥീരീകരണം വന്നിട്ടില്ല.
നാല് ദിവസങ്ങൾക്ക് മുൻപ് ലഡാക്കിലെ പാങ്‌ഗോംഗ് തടാകത്തിന്റെ തെക്കൻ മേഖല പിടിച്ചെടുക്കാൻ ചൈന നടത്തിയ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തിയതോടെയാണ് അതിർത്തിയിൽ വീണ്ടും സംഘർഷ സാദ്ധ്യതയുണ്ടായത്.
അതിർത്തിയിൽ ചൈന നടത്തുന്ന ഏകപക്ഷീയമായ കൈയേറ്റ ശ്രമങ്ങളാണ് സമാധാനം തകരാൻ കാരണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ചൈനക്കെതിരെയുളള പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഇന്ത്യൻ സൈന്യം അതിർത്തിയിൽ ചൈനയുടെ പ്രകോപനപരമായ നടപടികൾ പ്രതിരോധിക്കാൻ തയ്യാറാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ വിപിൻ റാവത്തും അറിയിച്ചിരുന്നു.