alone-in-your-vehicle

ന്യൂഡൽഹി​: കാറി​ലും ബൈക്കി​ലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവർ മാസ്ക് ധരി​ച്ചി​ല്ലെങ്കി​ൽ ഇനി​ പൊലീസ് കേസി​ല്ല. ഒറ്റയ്ക്ക് യാത്രചെയ്യുന്നവർ മാസ്ക് ധരി​ക്കണമെന്ന് നി​ർബന്ധമി​ല്ലെന്ന് ആരോഗ്യമന്ത്രാലയം അറി​യി​ച്ചതി​നെ തുടർന്നാണി​ത്. ഇക്കാര്യത്തി​ൽ കേന്ദ്രത്തി​ന്റെ മാർഗനിർദ്ദേശം ഇല്ലെന്നും ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ മുഖാവരണം ധരിക്കാത്തതിന്റെ പേരിൽ ശിക്ഷയുണ്ടാവില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

എന്നാൽ ഒന്നിൽ കൂടുതൽ പേർ യാത്രചെയ്യുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. അങ്ങനെ ചെയ്തില്ലെങ്കിൽ നടപടിയുണ്ടാവും. ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നവർക്കും സൈക്കിൾ യാത്ര നടത്തുന്നവർക്കും മാസ്ക് നിർബന്ധമല്ല. പക്ഷേ, ആളുകളുടെ എണ്ണം കൂടുകയാണെങ്കിൽ മാസ്കും സാമൂഹ്യ അകലവും നിർബന്ധമാണ്.

ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഡൽഹിപൊലീസ് ഒരുദിവസം ശരാശരി 1200 മുതൽ 1500 വരെ ആൾക്കാരിൽ നിന്നാണ് ഇത്തരത്തിൽ പിഴ ഈടാക്കിയിരുന്നത്.