trivandrum-corporation

തിരുവനന്തപുരം: വാസ്‌തു ശരിയല്ലെന്ന കാരണം പറഞ്ഞ് ലക്ഷങ്ങൾ പൊടിച്ച് മൂന്നമതും ഗേറ്റ് പണിത് തിരുവനന്തപുരം കോർപ്പറേഷൻ. പഴയഗേറ്റിന്റെ വാസ്‌തു ശരിയല്ലെന്ന കാരണം പറഞ്ഞാണ് ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷൻ ആസ്ഥാനത്ത് പുതിയ കവാടത്തിന്റെ നിർമ്മാണം തകൃതിയായി നടക്കുന്നത്. കൊവിഡ് പ്രതിസന്ധികാരണം സാമ്പത്തികമായി നട്ടം തിരിയിരുന്ന അവസരത്തിലും ഗേറ്റിന്റെ നിർമ്മാണത്തിന് ഒരു വേഗതക്കുറവും അധികാരികൾ വരുത്തിയിട്ടില്ല.

കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് ലക്ഷങ്ങൾ ചെലവാക്കി രണ്ടാമത്തെ ഗേറ്റ് പണിതത്. ഇതിലും തൃപ്‌തി വരാത്തതുകൊണ്ടാണോ അടുത്ത ഗേറ്റ് എന്ന ആശയമെന്ന് അറിയില്ല. വാസ്‌തുവിനെ പഴിചാരി കുറ്റംകണ്ടെത്തിയ ഗേറ്റ് തിരിച്ചറിയാൻ കഴിയാത്ത വിധം കെട്ടിമറച്ചിരിക്കുകയാണ്. 7.8 ലക്ഷമാണ് പുതിയ കവാടത്തിന്റെ നിർമ്മാണച്ചെലവ്. മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രത്തിലേക്കുള്ളതാണിത്. കവാടത്തിന് മുൻ വശത്തെ റോഡിലെ ടാർ കുത്തിപ്പൊളിച്ച് ടൈലും പാകുന്നുണ്ട്. കോർപ്പറേഷനിലേക്കുള്ള പ്രവേശനത്തിനായാണ് നിലവിലെ രണ്ട് ഗേറ്റകളും ഉപയോഗിക്കുന്നത്. തിരിച്ചിറങ്ങുന്നതിനു വേണ്ടിയാണ് പുതിയ കവാടം.

അതേസമയം, പുതിയ ഗേറ്റ് യാഥാർത്ഥ്യമാകുമ്പോൾ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് ഏറെ സാധ്യതയുണ്ടെന്നാണ് അനുമാനം. മ്യൂസിയം ജംക്ഷൻ, നന്ദൻകോട് എന്നിവിടങ്ങളിൽ നിന്നുവരുന്ന വാഹനങ്ങളുടെ സുഗമമായ യാത്രയ്‌ക്ക് ഗേറ്റിലൂടെ വരുന്ന വാഹനങ്ങൾ തടസമുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ട്.