തിരുവനന്തപുരം: ബി കാപ്പിറ്റൽ കമ്പനിയുമായി തനിക്ക് പങ്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം പൊളിയുന്നു. മിനിസ്ട്രി ഓഫ് കോപ്പറേറ് അഫയേഴ്‌സിന്റെ വെബ്സൈറ്റിലാണ് ബിനീഷിന് കമ്പനിയുമായി ബന്ധമുണ്ടെന്നതിന്റെ വിശദാംശങ്ങളുള്ളത്. ഒരു ലക്ഷം രൂപയാണ് ബിനീഷിന് കമ്പനിയിൽ മൂലധന നിക്ഷേപം. ധർമ്മടം സ്വദേശി അനസ് വലിയ പറമ്പത്താണ് കമ്പനിയുടെ സഹഉടമ.
മയക്കുമരുന്ന് കേസിൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരുങ്ങുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലിൽ വച്ചാണെന്നായിരുന്നു റിജിഷിന്റെ മൊഴി.
റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങൾ ബിനീഷിനുമേൽ വലിയ കുരുക്കുണ്ടാക്കുന്നതാണ്. നേരത്തെ ബിനീഷ് കൊടിയേരിയുമായി കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിനുള്ള അടുത്ത ബന്ധം പുറത്തായിരുന്നു. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പും ബിനീഷ് അനൂപിന് പണം നൽകിയിരുന്നു. അന്ന് 15000 രൂപയാണ് ബിനീഷ് കൈമാറിയത്. സംഭവത്തിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയും ഏറുകയാണ്.