ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്ന ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി ട്വിറ്റർ. ജൂലായ് മാസത്തിൽ ആഗോളതലത്തിൽ നടന്ന ട്വിറ്റർ അക്കൗണ്ടുകളുടെ ഹാക്കിംഗുമായി ഇതിന് ബന്ധമില്ല. ട്വിറ്ററിന്റെ സുരക്ഷാ സംവിധാനത്തിലെ കുറവ് കൊണ്ടല്ല ഹാക്കിംഗ് നടന്നതെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു.
ജൂലായ് മാസത്തിൽ നടന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ,ഈലോൺ മസ്‌ക്, ബിൽ ഗേറ്റ്സ്,ജോ ബൈഡൺ,ആപ്പിൾ, ഊബർ എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത രീതിയും കഴിഞ്ഞ ദിവസം നടന്ന ഹാക്കിംഗും വ്യത്യസ്‌ത തരത്തിലുളളതാണെന്ന് ട്വിറ്രർ വ്യക്തമാക്കി. ഇവ തമ്മിൽ ബന്ധമൊന്നും കാണുന്നില്ല.ജോൺ വിക്ക് എന്ന ചലച്ചിത്ര കഥാപാത്രത്തിന്റെ പേരിലാണ് ഹാക്കർ പ്രധാനമന്ത്രിയുടെ @narendramodi_in എന്ന ട്വിറ്റർ ഹാന്റിൽ ഹാക്ക് ചെയ്‌തത്.
പ്രതിഫലം ചോദിച്ചുകൊണ്ടുളള അക്കൗണ്ട് ഹാക്കിംഗല്ല നടന്നതെന്നാണ് ലഭ്യമായ വിവരം. അക്കൗണ്ട് തിരികെയെടുക്കാൻ പണമൊന്നും കൊടുത്തിട്ടില്ല. അക്കൗണ്ടിലെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടിയെടുത്തതായും ട്വിറ്റർ അറിയിച്ചു. മറ്റ് പ്രധാന അക്കൗണ്ടുകളൊന്നും ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടില്ല. അതിനാൽ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ലക്ഷ്യം വച്ച് മാത്രം നടന്ന ആക്രമണമായാണ് ഇതിനെ ട്വിറ്രർ കണക്കാക്കുന്നത്.