ന്യൂഡൽഹി: രാജ്യത്ത് ആത്മഹത്യകളും അപകട മരണങ്ങളുമൊക്കെ ഒരോ വർഷം കഴിയുമ്പോഴും കുതിച്ചുയരുകയാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലായി അപകടത്തിൽപ്പെട്ട് മരണമടയുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
2019 ൽ 4.2 ലക്ഷം അപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3.4 ലക്ഷം പുരുഷന്മാരാണ്. അപകടത്തിൽ മരിച്ച സ്ത്രീകളുടെ എണ്ണം 81,000ത്തിൽ താഴെയാണ്.37 പേർ ട്രാൻസ്‌ജെൻഡേഴ്സാണ്. അതായത് മരിച്ചവരിൽ 81% പുരുഷന്മാരാണ്.
അമ്പത് വർഷം മുമ്പുള്ളതിൽ നിന്ന് വൻ കുതിച്ചു ചാട്ടമാണ് മരണങ്ങളുടെ കാര്യത്തിൽ ഉണ്ടായത്. 1969 ൽ 1.3 ലക്ഷം അപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 82,000ത്തിലധികം പേർ പുരുഷന്മാരായിരുന്നു,അതായത് 63 ശതമാനം. സ്ത്രീകളുടെ എണ്ണം 49,000ത്തിൽ താഴെയായിരുന്നു.
ആത്മഹത്യകളുടെ കാര്യത്തിലും വലിയ തോതിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. 2019 ലെ 1.4 ലക്ഷം ആത്മഹത്യകളിൽ 98,000 ത്തോളം പേർ പുരുഷന്മാരായിരുന്നു. അതായത് ഏകദേശം 70 ശതമാനം.41,500 ത്തോളം സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്.