തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ ലഭിക്കാൻ കസ്റ്റംസ് അപേക്ഷ നൽകി. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപുകളും എൻ.ഐ.എ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച പരിശോധന ഫലം ആവശ്യപ്പെട്ടാണ് കസ്റ്റംസ് ഹർജി നൽകിയത്. സി-ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് അപേക്ഷ നൽകിയത്.
ബംഗളൂരു കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കാൻ തീരുമാനമാനിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി കെ.ടി റമീസും ലഹരികടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാടിനെക്കുറിച്ചാവും പ്രധാനമായും അന്വേഷണം നടക്കുക. കെ.ടി റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയുടെ അനുമതി തേടി. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
റെമീസിന്റെ ഫോൺ നമ്പർ അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവർ സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് വിശദമായി പരിശോധിക്കും.