അമരാവതി: കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മദ്യവിൽപന ശാലകളെല്ലാം അടച്ചതോടെ സാനിറ്റൈസർ കുടിച്ച് നിരവധി പേർ മരിച്ചിരുന്നു. പോരാത്തതിന് കള്ള് കിട്ടാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്തു. മദ്യക്കടത്തും കൂടി. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യ വില കുറച്ച് ആന്ധ്ര പ്രദേശ് സർക്കാർ.
വ്യാഴാഴ്ചയാണ് സർക്കാർ മദ്യത്തിന് വില കുറച്ചത്.സർക്കാർ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് 150 രൂപയിൽ താഴെ വിലയുള്ള മദ്യത്തിന്റെയും, ബിയറിന്റെയും വിലയാണ് കുറച്ചിരിക്കുന്നത്.അതേസമയം, ആന്ധ്രയിൽ പ്രീമിയം മദ്യത്തിന്റെ വില (50/60/90 മില്ലി) സർക്കാർ ഉയർത്തിയിട്ടുണ്ട്.
ലോക്ക് ഡൗൺ ഇളവിനുശേഷം, സംസ്ഥാനത്ത് മദ്യത്തിന്റെ വില 75 ശതമാനത്തോളം കൂട്ടിയിരുന്നു. അയൽ സംസ്ഥാനങ്ങളുമായി, പ്രത്യേകിച്ച് തെലങ്കാനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ വലിയ തുകയായിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
വിലകൂടിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആന്ധ്രയിലേക്കുള്ള മദ്യക്കടത്തും വലിയ തോതിൽ വർദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തിയതിന് പതിനായിരത്തിൽ കൂടുതൽ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. നിരവധി പേർ അറസ്റ്റിലായതായി റവന്യൂ (വാണിജ്യ നികുതി, എക്‌സൈസ്) സ്‌പെഷ്യൽ ചീഫ് സെക്രട്ടറി രജത് ഭാർഗവ പറഞ്ഞു.