raod-works

കണ്ണൂർ: സിമന്റും മെറ്റലും ചേർക്കാതെ പാതിരാത്രി മൊബൈൽ ടോർച്ചടിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ടാറിംഗ്. കണ്ണൂർ പാടിയോട്ടുചാൽ– ഓടമുട്ട് മരാമത്ത് റോഡിലെ കലുങ്ക് പണിയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ കൈയോടെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു രാത്രിയുടെ മറവിലെ ടാറിംഗ്. ആവശ്യമായ സിമന്റും മെറ്റലും ചേർക്കാതെ ഉരുളൻ കല്ലുകൾ നികത്തിയ 'എഞ്ചിനീയറിംഗ് വൈഭവം' കണ്ട് സഹിക്കാൻ കഴിയാതെ ഇടപെട്ടുപോവുകയായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു.

മൂന്നര കോടിയോളം വകയിരുത്തി നവീകരിച്ച റോഡിലാണ് കലുങ്കുകൾ പലതും അപകടാവസ്ഥയിലാണ്. നാട്ടുകാർ പണി തടഞ്ഞതിനെത്തുടർന്ന് പിറ്റേദിവസം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും പകുതി നടത്തിയ നിർമാണം തുടരാൻ അനുവദിക്കുകയായിരുന്നു. കലുങ്ക് പൊളിച്ച് കോൺക്രീറ്റ് ചെയ്യുമെന്ന മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ ഉറപ്പ് പാലിക്കാത്ത നിലയിലാണ്.

നവീകരണം തുടങ്ങി നാല് വർഷമായിട്ടും റോഡിന്റെ ഓവുചാൽ നിർമാണവും, അരിക് കെട്ടലും പാതി വഴിയിലാണ്. റോഡിന്റെ ശോച്യാവസ്ഥ പരിശോധിക്കുവാൻ ഉദ്യോഗസ്ഥരും, അദൃശ്യനായ കരാറുകാരനും അതുവഴി വരാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 10മീറ്റർ റോഡ് വിട്ടുകിട്ടണമെന്ന അധികൃതരുടെ ആവശ്യം പരിഗണിച്ച് മതിൽ പൊളിച്ചും, കൃഷികൾ നശിപ്പിച്ചും വിട്ടുകൊടുത്ത ഭൂമി അളന്ന് സംരക്ഷിക്കുവാൻ പോലും ഉദ്യോഗസ്ഥർ തയാറായില്ലെന്ന ആരോപണവും ശക്തമാണ്.