craddle

ആഡംബരത്തിന്റെ പിന്നാലെ പായുന്ന മനുഷ്യർ പല രീതിയിലാണ് പണം ധൂർത്തടിച്ച് കളയുന്നത്. കുഞ്ഞുങ്ങളെ കിടത്താനുള്ള ഒരു ആഡംബര തൊട്ടിലിന്റെ വില കേട്ടാൽ സാധാരണക്കാർ മൂക്കിൽ കൈവച്ചു പോകും.​ 50 ലക്ഷം രൂപ!! ഇത്രയും വില നൽകാൻ ഇതെന്താ സ്വർണ്ണ തൊട്ടിലോ..? എന്നാൽ, അതേക്കുറിച്ച് പറയാം കേട്ടോളൂ..

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദുബായിലെ ഇൻഡക്സ് എക്സിബിഷനിലാണ് ഈ ആഡംബര തൊട്ടിൽ ആദ്യമായി അവതരിപ്പിച്ചത്. പേര് ലുലു ബെഡ്. ഡിസൈനർ ദമ്പതികളായ മാർട്ട ബുസാൽസ്ക, ഡാരിയസ് പാൻ‌സിക് എന്നിവരാണ് ഈ തൊട്ടിൽ രൂപകൽപന ചെയ്തത്. വളരെ വിലപ്പിടിപ്പുള്ള സ്വരോവ്സ്കി കല്ലുകൾ പതിപ്പിച്ച് 24 കാരറ്റ് സ്വർണം പൂശിയ തൊട്ടിലാണിത്. അതുകൊണ്ടുതന്നെയാണ് ഇതിന്റെ വില ഇത്രയും കൂടാനും കാരണം. ഇപ്പോൾ പിടികിട്ടിയില്ലേ, എന്തുകൊണ്ട് തൊട്ടിലിന്റെ മൂല്യം ഇത്രയേറെ വർദ്ധിക്കുന്നുവെന്ന്.

മാസങ്ങൾ നീണ്ട മനുഷ്യാദ്ധ്വാനം കൊണ്ടാണ് ഈ തൊട്ടിലിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് ഡിസൈനേഴ്സ് അവകാശപ്പെടുന്നു. മനോഹരമായ രൂപകൽപ്പനയ്ക്ക് പുറമെ, തൊട്ടിലിന്റെ അകത്തളവും അത്യാഡംബര രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മസെരാറ്റി എന്ന ആഡംബര കാറിന്റെ സീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ ലെതർ കൊണ്ടാണ് ഇതിന്റെ ഉൾഭാഗം നിർമ്മിച്ചിട്ടുള്ളത്. ഇത് നവജാത ശിശുക്കൾക്ക് നല്ല ഉറക്കം നൽകുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. ബുസാൽസ്കയും പാൻസിക്കും തങ്ങളുടെ മകന്റെ ജനനത്തിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലൊരു ആഡംബര തൊട്ടിൽ നിർമ്മിക്കാൻ പദ്ധതിയിട്ടത്.

പേറ്റന്റുള്ള ഈ തൊട്ടിലിന്റെ ഉൾഭാഗം കപ്പലിന്റെ രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. സൗന്ദര്യത്തിന്റെയും ആഢംബരത്തിന്റെയും അടയാളമാണിത്. ബോട്ട് പോലെ പ്രത്യേകം രൂപകൽപ്പന ചെയ്ത തൊട്ടിലിൽ ഉപയോഗിച്ചിരിക്കുന്ന തുകൽ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്ന പോലുള്ള അനുഭവം നൽകുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. എന്തായാലും സംഗതി വളരെ ഹിറ്റായി കഴിഞ്ഞു. എന്നുമാത്രമല്ല, കൂടുതൽ ഓർഡറുകളും ഡിസൈനർമാരെ തേടി എത്തുന്നുണ്ട്.