രാഷ്ട്രീയ നേട്ടത്തിന് അണികളെ കൊലക്കത്തിയുമായി ഇറക്കി വിടുന്ന നേതാക്കൾ ഒന്നാലോചിക്കണം, നിങ്ങൾ ഇറക്കുന്ന തുറുപ്പുകൾ വിധവകളെയും അനാഥരെയും സൃഷ്ടിക്കുകയാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന ചൊല്ല് ഈ പ്രവൃത്തികളുമായി പൊരുത്തപ്പെടില്ല ഒരിക്കലും. കാരണം , അധമ മാർഗത്തിലൂടെയും വഞ്ചനയിലൂടെയും നിങ്ങൾ സൃഷ്ടിക്കുന്ന പ്രതിച്ഛായയും രക്തസാക്ഷി സമ്പാദ്യവും നിലനിൽക്കില്ല. കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും.
കേരളത്തിൽ കുറേക്കാലമായി കേട്ടുകേൾവിയില്ലാതിരുന്ന കൊലപാതക രാഷ്ട്രീയം വീണ്ടും ഉയർന്നു വരുന്നുണ്ടോ എന്ന ആശങ്കയിലാണ് ഇതെഴുതുന്നത്.
രാഷ്ട്രീയ നേതൃത്വം വീണ്ടുവിചാരം കാണിക്കേണ്ട സമയമാണ്. അക്രമരാഷ്ട്രീയത്തിനെതിരെ അണികളെ ഉദ്ബോധിപ്പിക്കേണ്ടത് നേതാക്കളാണ്. രക്തസാക്ഷികളിലൂടെ പണിതുയർത്തുന്ന ഒന്നിനും നിലനില്പില്ല. യുവാക്കളെ സദ് പ്രവൃത്തികൾക്ക് പ്രേരിപ്പിക്കൂ, നല്ലത് ചെയ്യുന്നതിൽ മത്സരമുണ്ടാകുമ്പോൾ സമൂഹം കൂടുതൽ നന്നാവും. കണക്ക് തീർത്തും പകരം വീട്ടിയും മുന്നോട്ടു പോകുന്ന യുവാക്കൾ സമൂഹത്തെ നശിപ്പിക്കുകയേ ഉള്ളൂ. അണികൾക്ക് വഴിതെറ്റുന്നു എന്ന് തോന്നുമ്പോൾ നേതാക്കൾ അവരെ നല്ല പാതയിലേക്ക് നയിക്കുക. സമൂഹത്തിന് ഗുണകരമായ പ്രവൃത്തികൾക്കായി നിരന്തരം അവരെ പ്രചോദിപ്പിക്കുക.
പ്രമോദ് എസ്. രാഘവൻ
പാരിപ്പള്ളി, കൊല്ലം
സർക്കാർ ഓഫീസുകളിൽ
കൊവിഡ് സമൂഹവ്യാപനം ഒഴിവാക്കാൻ
ഗവ. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ എന്നീ ഓഫീസുകളിൽ ആയിരത്തിൽപ്പരം പോസ്റ്റാഫീസുകളിൽ നിന്ന് പ്രതിദിനം നിരവധി തപാൽ ഉരുപ്പടികളാണ് വരുന്നത്. ഇവ ഓഫീസിൽ എത്തിയാൽ തരംതിരിച്ച് ഓരോ വകുപ്പിൽ കൊടുക്കുന്നു. വീണ്ടും തരംതിരിച്ച് ബന്ധപ്പെട്ട സെക്ഷനിൽ കൊടുക്കുന്നു. വിവിധ കൈകളിൽ കൂടി കടന്നുവരുന്ന ഈ തപാൽ ഉരുപ്പടികളിൽ കൊവിഡ് വൈറസുകൾ ഇല്ലേ എന്ന് ജീവനക്കാർ ഭയപ്പാടിലാണ്. അതുകൊണ്ട് ഓരോ ഓഫീസിലേക്കും വരുന്ന ഉരുപ്പടികൾ ഒരു സ്ഥലത്ത് സ്വീകരിച്ച് അണുവിമുക്തമാക്കിയ ശേഷം സെക്ഷനുകളിൽ കൊടുക്കുന്നത് അഭികാമ്യമായിരിക്കും. ഈ നടപടി കൊറോണയുടെ സമൂഹവ്യാപനം തടയാനും ജീവനക്കാർക്ക് കൊറോണയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനും കഴിയും. ഈ കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സി.കെ. കുട്ടപ്പൻ
റിട്ട. ജോയിന്റ് സെക്രട്ടറി
മുട്ടട, തിരുവനന്തപുരം