ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തി സംഘർഷം നാലാം മാസത്തിലേക്ക് കടക്കവേ നാല് ദിവസം മുൻപ് പാംഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്തുകൂടി കടന്നുകയറാനുളള ചൈനീസ് ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതിനായി ഇന്ത്യ രംഗത്തിറക്കിയത് പ്രത്യേക രഹസ്യ അതിർത്തി സേനയെയാണ്. എസ്‌റ്റാബ്ളിഷ്‌മെന്റ്-22 അഥവാ സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സ് എന്നാണ് ഈ സേനയുടെ പേര്. ചൈനീസ് അധിനിവേശത്തെ തുടർന്ന് ദലൈ ലാമയ്‌ക്കൊപ്പം പണ്ട് ഓടിവന്ന ടിബറ്റ് വംശജരുടെ പിൻതലമുറയാണ് ഈ സേനയിലുളളത്. ടിബറ്രൻ ഗറില്ല സേനയായ എസ്‌റ്രാബ്ളിഷ്‌മെന്റ്-22 അതിർത്തിയിൽ ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്‌സിന്റെ ചുമതല നേരിട്ട് കേന്ദ്ര സർക്കാരിനാണ്. പ്രധാനമന്ത്രിയുടെ ഓഫീസും ക്യാബിനറ്റ് സെക്രട്ടറിയേറ്റുമാണ് ഈ സേനക്ക് നിർദ്ദേശമേകുന്നത്. 1962ലെ ചൈന-ഇന്ത്യ യുദ്ധത്തിന് ശേഷം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും ഇന്ത്യയും സംയുക്‌തമായാണ് സേനയെ പരിശീലിപ്പിച്ചെടുത്തത്.
എസ്‌റ്രാബ്ളിഷ്‌മെന്റ്-22ന്റെ പ്രതികരണത്തിൽ സ്‌തബ്ധരായ ചൈന ലഡാക്കിലെ തൽസ്ഥിതി ഇന്ത്യ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.3488 കിലോമീറ്റർ നീണ്ട ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണരേഖ ഒരു സാങ്കൽപിക രേഖയായതിനാൽ ഇരു രാജ്യങ്ങളും തങ്ങളുടെ കൈവശമുളളതാണ് ലഡാക്കിലെ ഭൂമി എന്ന് വാദിക്കുകയാണ്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളെ കുറിച്ചുളള വിവരങ്ങൾ ഇന്ത്യയും ചൈനയും അധികം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ ലഡാക്കിലെ സൈനിക സജ്ജീകരണം ഇപ്പോൾ ശക്തിയേറിയതാണ്. കഴിഞ്ഞ ആഴ്‌ചകളിലും ഈ ആഴ്‌ചയും ഇവിടെ ഇന്ത്യ നടത്തിയ സൈനിക സജ്ജീകരണം ചൈനയെ അസ്വസ്‌ഥരാക്കിയിട്ടുണ്ട്.
ലഡാക്കിലെ സംഘർഷം ഇനി ഏത് തരത്തിലാകുമെന്ന് വിദഗ്‌ധർ നോക്കി കാണുകയാണ്. ലദാക്കിലെ ഫിംഗർ4,8 എന്നിവ ഉപേക്ഷിക്കാൻ ചൈന തയ്യാറായാൽ ഇന്ത്യ പാംഗോംഗ് തടാകത്തിൽ പിടിച്ചെടുത്ത സ്ഥലം ഉപേക്ഷിക്കാനുളള സാദ്ധ്യതയാണ് ഒന്ന്. മറ്റൊന്ന് ഇരുകൂട്ടരും തങ്ങളുടെ ഭാഗങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറാകില്ലെന്ന് തീരുമാനിക്കുന്നതാണ്. സംഘർഷസ്ഥിതിയുടെ പരിണാമങ്ങൾ വരും ദിവസങ്ങളിൽ അറിയാനാകും.