lufthansa

ന്യൂഡൽഹി: ഏറ്റവും വലിയ ജർമ്മൻ എയർലൈൻ കമ്പനിയായ ഡോയിച് ലുഫ്‌താൻസ എ.ജിയുടെ പുതിയ ബോയിംഗ് 777എഫ് ചരക്കു വിമാനത്തിന് പേര് 'നമസ്‌തേ ഇന്ത്യ". വാഷിംഗ്ടണിലെ എവറെറ്റ് വിമാനത്താവളത്തിൽ നിന്ന് ആഗസ്‌റ്റ് 31ന് ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ എത്തിയ പുതിയ വിമാനത്തിൽ ഇംഗ്ളീഷിന് പുറമേ ഹിന്ദിയിലും 'നമസ്‌തേ ഇന്ത്യ" എന്ന് എഴുതിയിട്ടുണ്ട്.

ബോയിംഗിൽ നിന്ന് രണ്ടു പുത്തൻ വിമാനങ്ങൾ വാങ്ങാൻ 2019 നവംബറിലാണ് ലുഫ്‌താൻസ കരാറൊപ്പിട്ടത്. അടുത്തവിമാനവും വൈകാതെ ലുഫ്‌താൻസയ്ക്ക് കൈമാറും. ഇതോടെ, ലുഫ്‌താൻസ കാർഗോയുടെ മൊത്തം വിമാനങ്ങളുടെ എണ്ണം 14 ആകും.

ആറ് എം.ഡി-11എഫ് വിമാനങ്ങളും ലുഫ്‌താൻസ കാർഗോയ്ക്കുണ്ട്. നേരത്തേ സർവീസ് അവസാനിപ്പിച്ച ഡി-എ.എൽ.സി.ജെ എം.ഡി11 വിമാനത്തിൽ നിന്നാണ് 'നമസ്‌തേ ഇന്ത്യ" എന്ന പേര് പുതിയ വിമാനത്തിനായി കടംകൊണ്ടത്.