കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണക്കടത്തിൽ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടർന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണ പരിധിയിലേക്കെത്തിയത്.
ബംഗളൂരുവിൽ സ്വപ്നയും സന്ദീപും എൻ.ഐ.എ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ വിളച്ചതായാണ് നിർണായക കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്. റമീസിനെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് സൂപ്രണ്ട് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്‌ച കസ്റ്റംസ് അപേക്ഷ കോടതി പരിഗണിക്കും.
കൊച്ചിയിലെ നിശാപാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുഹമ്മദ് അനൂപ്. പുതുമുഖ സിനിമാ താരങ്ങളുമായുള്ള വിപുലമായ സൗഹൃദം അനൂപിനുണ്ടായിരുന്നുവെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനായിരിക്കെയാണ് പ്രമുഖരുമായി അനുപ് ബന്ധം സ്ഥാപിക്കുന്നത്. ബംഗളൂരുവിലെ റസ്റ്റോറന്റിനായി പണം നിക്ഷേപിച്ചവരിൽ കൊച്ചിയിലെ സുഹൃത്തുക്കളും ഉണ്ട്. ജനുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ അനൂപ് മൂന്ന് മാസത്തോളം വീട്ടിലുണ്ടായിരുന്നു.
ഒറ്റയ്ക്ക് മയക്കുമരുന്ന് വ്യാപാരം നടത്താൻ കഴിവുള്ള വ്യക്തിയല്ല അനൂപ് എന്നാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ അനൂപിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരിക്കാമെന്നാണ് കണക്കുകൂട്ടൽ. കൊച്ചിയിൽ അടക്കം നടക്കുന്ന അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ലഹരി കടത്ത് കേസിൽ ബംഗളൂരുവിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്റെ സൂചനകൾ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തിൽ പണം നിക്ഷേപിച്ചവരിൽ ഉണ്ടോ എന്നാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.