kaumudy-news-headlines

1. ബംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ളാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. മലയാള സിനിമ കാണ്ഡഹാറിലെ നായികയാണ് രാഗിണി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ നടി രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍


2. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണ് ഇതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ആരോപണങ്ങളില്‍ അര്‍ഥമില്ലെന്നും, ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററില്‍ കുറിച്ചത്. കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖര്‍ക്ക് കൂടി നോട്ടീസ് അയച്ചേക്കും എന്നാണ് വിവരം. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
3. കുറ്റക്കാരായി കണ്ടെത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അതേസമയം, കമ്മന ഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത് എന്നു അനൂപ് മൊഴി നല്‍കി. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. എന്നാല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
4. ചൈനയ്‌ക്കെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടി എന്ന് കരസേന മേധാവി എം. എം നരവനെ. ഏതു സാഹചര്യവും നേരിടാന്‍ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചര്‍ച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നു എന്നും കരസേന മേധാവി അറിയിച്ചു. ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ കര, വ്യോമസേന മേധാവിമാര്‍ ചൈനീസ് അതിര്‍ത്തിയില്‍ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തി ഇരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ
5. ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിര്‍ത്തി ലംഘിക്കാന്‍ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. ഇതുവരെ കടക്കാത്ത പ്രദേശങ്ങളില്‍ ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ വരെ എത്തിച്ചാണ് ഇന്ത്യ പ്രതിരോധം സൃഷ്ടിച്ചത്. സ്ഥിതി വഷളാകുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നും ഇന്ത്യ തുറന്നടിച്ചു.
6. അതിനിടെ, വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന ഇന്ത്യയെ സമീപിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് സമയം ചോദിച്ചു. ഇന്ത്യ തന്ത്രപ്രധാന പോയിന്റുകളില്‍ കയറിയതിന്റെ ഞെട്ടലില്‍ ആണ് ചൈന. ഇന്ത്യ പിന്‍മാറണമെന്ന് കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ചൈന ആവശ്യപ്പെട്ടിരുന്നു. പിന്‍മാറ്റം ഇപ്പോള്‍ സാധ്യമല്ലെന്നും നേരത്തെയുള്ള ധാരണ പ്രകാരം ചൈന സേനയെ പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ആണ് ഇന്ത്യയുടെ നിലപാട്
7. വെഞ്ഞാറമൂട് ഇരട്ട കൊലക്കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് എതിരെ ആരോപണവുമായി ഡി.വൈ.എഫ.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കേസില്‍ പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് നേരില്‍ കണ്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവ്. ഇതുമായി ബന്ധപ്പെട്ട് ആനാവൂര്‍ പറഞ്ഞത് രണ്ട് സാദ്ധ്യതകള്‍ മാത്രമാണെന്നും റഹീം വ്യക്തമാക്കി
8. വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ബിജു എന്ന ഉണ്ണി കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആണെന്നും ഇതുവരെ അയാളെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നും എ.എ റഹീം ആരോപിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കൊലപാതകത്തെ തുടര്‍ന്നുള്ള തങ്ങളുടെ വീഴ്ച മറയ്ക്കാന്‍ ഇരകളെ ബലിയാടുക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് വെഞ്ഞാറമൂട് ഇരട്ടകൊലപാകത്തിന് ആസൂത്രണം നടത്തിയതെന്നും റഹീം ആരോപിച്ചു.
9. വയനാട്ടിലെ പേര്യയയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയില്‍ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. കൈയിലുള്ള മൊബൈല്‍ ഫോണും മറ്റും ചാര്‍ജ് ചെയ്യാനായി മൂന്നു മണിക്കൂറോളം വീട്ടില്‍ സമയം ചെലവഴിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനും ആണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് കോളനിവാസികള്‍ പറയുന്നത്. തലപ്പുഴ പൊലീസിനെ കോളനിവാസികള്‍ വിവരം അറിയിച്ചിട്ടുണ്ട്.