മുംബയ് : നടി കങ്കണാ റണൗട്ടിന്റെ മാനസികനില തകരാറിലാണെന്നും, കങ്കണയെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാൻ അനുവദിക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരു ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ' കങ്കണയ്ക്ക് മാനസികമായ പ്രശ്നമാണ്. കങ്കണ അവർ കഴിക്കുന്ന പാത്രത്തിലേക്ക് തന്നെയാണ് തുപ്പുന്നത്. ചില രാഷ്ട്രീയ പാർട്ടികൾ അവരെ പിന്തുണയ്ക്കുന്നുണ്ട്. അവരെ പാക് അധിനിവേശ കാശ്മീരിലേക്ക് പോകാൻ അനുവദിക്കൂ. രണ്ട് ദിവസം പാക് അധിനിവേശ കാശ്മീർ സന്ദർശിക്കാനായി സർക്കാർ അവർക്കു വേണ്ടി ചെലവ് വഹിക്കണം. സർക്കാരിന് കഴിയില്ലെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ചെലവ് വഹിക്കാൻ ഞങ്ങൾ തയാറാണ്. പാക് അധിനിവേശ കാശ്മീർ നമ്മുടെ ഭാഗമാണന്നാണല്ലോ നമ്മുടെ കേന്ദ്ര സർക്കാർ പറയുന്നത്. പിന്നെ, കങ്കണ എന്താണീ സംസാരിക്കുന്നത്. നരേന്ദ്ര മോദി പാക് അധിനിവേശ കാശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി. അപ്പോൾ കങ്കണ ഏത് പക്ഷത്താണ്? അവർ തീവ്രവാദികളുടെ പക്ഷത്താണോ ? ശരിക്കും അവരുടെ മാനസിക നില എന്താണ് ? ' റാവത്ത് കങ്കണയ്ക്കെതിരെ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് കങ്കണയും സഞ്ജയ് റാവത്തും തമ്മിലുള്ള വാക്ക്പോര് തുടങ്ങിയത്. നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. എന്നാൽ കങ്കണയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും നേരെ മഹാരാഷ്ട്രയിലെ ശിവസേന സർക്കാർ കണ്ണടയ്ക്കുന്നതായി ബി.ജെ.പി എം.എൽ.എ റാം കദം ആരോപിച്ചിരുന്നു. കദം ട്വിറ്ററിലൂടെയാണ് മഹാരാഷ്ട്രാ സർക്കാരിനെതിരെ രംഗത്തെത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ ട്വീറ്റിനെ ശരിവച്ച് കങ്കണ രംഗത്തെത്തി.
സിനിമയിലെ മാഫിയ ഗുണ്ടകളേക്കാൾ തനിക്കിപ്പോൾ ഭയം മുംബയ് പൊലീസിനെ ആണെന്ന് കങ്കണ പറഞ്ഞിരുന്നു. മുംബയ് നഗരം പാക് അധിനിവേശ കാശ്മീർ പോലെയായിരിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാൽ മുംബയ് നഗരം പാക് അധിനിവേശ കാശ്മീർ പോലെയാണെന്ന കങ്കണയുടെ പരാമർശത്തിനെതിരെ സഞ്ജയ് റാവത്ത് ഉൾപ്പെടെയുള്ള ശിവസേനാ നേതാക്കളും ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. കങ്കണ മഹാരാഷ്ട്ര സംസ്ഥാനത്തെയും പൊലീസിനെയും ഒന്നടങ്കം ആക്ഷേപിച്ചതായി റാവത്ത് ആരോപിച്ചിരുന്നു. മുംബയ് പൊലീസിനെതിരെയുള്ള കങ്കണയുടെ പരാമർശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടപടി സ്വീകരിക്കണമെന്നും റാവത്ത് പറഞ്ഞിരുന്നു. താൻ ഭീഷണിപ്പെടുത്തിയതായുള്ള കങ്കണയുടെ വാദവും റാവത്ത് തള്ളി.