ramesh-chennithala-binees

തിരുവനന്തപുരം: ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതു പോലെയാണ് മയക്കുമരുന്ന് ഇടപാടിൽ അനൂപിന് പങ്കുണ്ടെന്ന് തനിക്കറിയില്ലെന്ന് ബിനീഷ് കോടിയേരി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിനും സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ് മയക്കുമരുന്നിനും ഒത്താശ ചെയ്യുകയാണ്. സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കേരള പൊലീസിന് ഇതിനെപ്പറ്റിയൊന്നും അന്വേഷിക്കാൻ താത്പര്യമില്ല. സംഭവത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. ബിനീഷ് കോടിയേരിയുടെ ബന്ധം അന്വേഷിക്കണം. ഭരണത്തിന്റെ തണലിൽ ഇടപാടുകൾ നടക്കുന്നത് കൊണ്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ഈ സർക്കാരിന്റെ പ്രധാനപ്പെട്ട ജോലി സ്വർണക്കടത്തും മയക്കുമരുന്ന് വിപണനവുമാണ്. പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതി പതിവ് തട്ടിപ്പാണ്. ഇതിൽ പലതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ്. ചിലത് 500 ദിവസമായാലും തീരാത്ത പദ്ധതികളാണ്. കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച 20,000 കോടിയുടെ പദ്ധതികളിൽ പകുതിയും നടന്നുകണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഖി പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി-വയനാട് പാക്കേജുകൾ എന്നിവയ്ക്കൊന്നും ഒരു രൂപ പോലും ഇതുവരെ ചെലവാക്കിയിട്ടില്ല. നിരവധി തസ്തികകൾ നഷ്‌ടപ്പെടുത്തിയ സർക്കാരാണിത്. കൊവിഡ് പരിശോധനകൾ പറഞ്ഞതല്ലാതെ ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല. ആദിവാസികൾക്ക് ഒരു തുണ്ട് ഭൂമി പോലും സർ‌ക്കാർ നൽകിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഏറ്റവും കുറച്ച് വീടുകൾ വച്ച് കൊടുത്തത് പട്ടികജാതി, പട്ടിക വർഗക്കാർക്ക് ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ അനാവശ്യമായി അടൂർ പ്രകാശിന്റെ പേര് വലിച്ചിഴക്കുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് അടൂർ പ്രകാശിനെതിരെ നടക്കുന്നത്. ജനങ്ങൾക്ക് അടൂർ പ്രകാശിനെ അറിയാമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.