zoo

തിരുവനന്തപുരം: മൃഗശാല എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് വിവിധ തരം മൃഗങ്ങളുടേയും പക്ഷികളുടേയും പാമ്പുകളുടേയുമൊക്കെ രൂപമാണ്. ആ മൃഗങ്ങളുടെ രൂപവും ഭാവവുമൊക്കെ നമ്മുടെ മനസിലുണ്ടെങ്കിലും അവയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പലർക്കും ഏറെക്കുറെ അജ്ഞാതമാണ്. എന്നാലിനി, മൃഗങ്ങളെ കാണുന്നതിനൊപ്പം അവയെക്കുറിച്ചുള്ള വിവരങ്ങളും മനസിലാക്കാൻ കഴിഞ്ഞാലോ..? മൃഗങ്ങളെ കുറിച്ചുള്ള പൂർണ വിവരങ്ങളടങ്ങിയ ഇന്റർപ്രിട്ടേഷൻ സെന്ററിന്റെ നിർമ്മാണം മൃഗശാലയിൽ അന്തിമഘട്ടത്തിലാണ്. കൊവിഡ് പ്രതിസന്ധി ശമിച്ചാലുടൻ ഇന്റർപ്രിട്ടേഷൻ സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.


സാധാരണക്കാരെ കൂടാതെ മൃഗങ്ങളുടെ സ്വഭാവ വൈവിദ്ധ്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിജ്ഞാനദാഹികൾക്ക് കൂടി ഉപകാരപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് മൃഗശാലയിൽ ഇന്റർപ്രിട്ടേഷൻ സെന്റർ സ്ഥാപിക്കുന്നതെന്ന് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു. മൃഗശാലയിൽ എത്തുന്നവർ വളരെ കുറച്ച് സമയം മാത്രമാണ് മൃഗങ്ങളെ കുറിച്ചുള്ള വിവരളങ്ങടങ്ങിയ ബോർഡിന് മുന്നിൽ ചെലവിടുന്നത്. മാത്രമല്ല, അത്രയേറെ പ്രാധാന്യത്തോടെ ആരും തന്നെ വിവരങ്ങൾ വായിക്കാൻ മെനക്കെടാറുമില്ല. ഇത് മനസിലാക്കിയാണ് മൃഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സമഗ്രമാക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ നാല് ഇന്റർപ്രിട്ടേഷൻ സെന്ററുകളാണ് മൃഗശാലയിൽ സ്ഥാപിക്കുന്നത്. കുരങ്ങ്, പക്ഷികൾ, പാമ്പ് തുടങ്ങിയവയ്ക്കും ഹിംസ്ര ജന്തുക്കളായ കടുവ, സിംഹം, പുലി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം സെന്ററുകൾ ഉണ്ടാകും. മൃഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇന്റർപ്രിട്ടേഷൻ സെന്റർ

 ത്രീഡി തിയേറ്റർ സംവിധാനത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. രണ്ട് മുറികളുള്ള സെന്ററിന്റെ ഒരു മുറിയിലാണ് തിയേറ്റർ സജ്ജമാക്കുക. ഇതിനൊപ്പം ഒരു കിയോസ്‌കുമുണ്ടാവും. സ്മാർട്ട്‌ഫോണിലെ പോലെ വിവരങ്ങൾ വിരൽ തൊട്ട് മനസിലാക്കാൻ സഹായിക്കുന്ന സാമാന്യം വലിപ്പമുള്ളവയാണ് കിയോസ്‌കുകൾ, പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാകും കിയോസ്‌കുകൾ പ്രവർത്തിപ്പിക്കുക.

 ഫോട്ടോകൾ, അടിസ്ഥാന വിവരങ്ങൾ എന്നിവ കൂടാതെ മൃഗങ്ങളുടെ സ്വഭാവം, പ്രത്യേകതകൾ തുടങ്ങിയ പലതരത്തിലുള്ള വിവരങ്ങളാണ് ഈ സെന്ററുകളിൽ ഉണ്ടാകുക. അടിസ്ഥാന വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിന് പുറമെ ആ മൃഗത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും സ്‌ക്രീനിൽ കാണാം.

ബട്ടർഫ്ളൈ പാർക്ക്

ചിത്രശലഭങ്ങൾക്കായി ബട്ടർഫ്ളൈ പാർക്കും മൃഗശാലയിൽ ഒരുങ്ങുന്നുണ്ട്. വിവിധ വർഗത്തിലുള്ള ശലഭങ്ങളെയാണ് ഇവിടെ അധികൃതർ വളർത്തുന്നത്. പാർക്ക് പൂർത്തിയാകുന്നതോടെ മൃഗശാലയുടെ മറ്റൊരാകർഷണമാകും ഇത്. മൃഗശാല കാണാനെത്തുന്ന ഭിന്നശേഷിക്കാർക്കായി പ്രത്യേകം പാതയും പാർക്കിൽ ഒരുക്കും.

തുറക്കുന്ന കാര്യം തീരുമാനമായില്ല

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട മൃഗശാലയിൽ ഇതുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉടനെ മൃഗശാല തുറക്കാനാകുന്ന സാഹചര്യമല്ല ഉള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു. സർക്കാരിന്റെ അനുമതി കൂടി ലഭിച്ചാൽ മാത്രമെ തുറക്കാനാവൂ.