കോഴിക്കോട്: അധ്യാപികയായ സായി ശ്വേതയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ച അഭിഭാഷകനായ ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. സിനിമയിൽ അഭിനയിക്കാനുളള ഓഫർ സായി ശ്വേത നിരസിച്ചതിനെ തുടർന്ന് അവരെ അപമാനിക്കുന്ന പോസ്‌റ്റ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തതിനാണ് കേസെടുത്തതെന്നും അഭിഭാഷകനായ ശ്രീജിത്തിന്റെ നടപടി സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുളളതാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പിയ്‌ക്ക് നിർദ്ദേശമേകിയിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ അറിയിച്ചു.
അഭിനയം എന്നത് ഒരാളുടെ വ്യക്തിപരമായ താൽപര്യമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും മൗലികമായ അവകാശങ്ങളുടെയും ലംഘനമാണ് ശ്രീജിത്ത് പെരുമന നടത്തിയതെന്ന് കാട്ടി സായി ശ്വേത പൊലീസിൽ പരാതി നൽകിയിരുന്നു. വിക്‌ടേഴ്‌സ് ചാനലിൽ ഒന്നാം ക്ളാസ് കുട്ടികൾക്കുളള ഓൺലൈൻ ക്ളാസിൽ മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ അവതരിപ്പിച്ചാണ് സായി ശ്വേത ടീച്ചർ പ്രശസ്‌തയായത്.