തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും പരിശോധനകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ല മുന്നിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ 1.5 ലക്ഷം സാമ്പിളുകളാണ് ജില്ലയിൽ പരിശോധിച്ചത്. സാമ്പിളുകളുടെ പരിശോധന കൂടുതലായതിനാൽ തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ജില്ലയും തലസ്ഥാനമാണ്.
ഇന്നലെവരെ 1.7 ലക്ഷം സാമ്പിളുകളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്. ഇതിൽ 16,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് മാർച്ച് മുതൽ ജൂലായ് 7 വരെ 24,578 പരിശോധനകളാണ് നടത്തിയത്. ജൂലായ് പകുതി ആയപ്പോഴേക്കും പരിശോധനകളുടെ എണ്ണം 45,936 ആയി. ജൂലായ് മുതൽ ആഗസ്റ്റ് വരെ 45 ക്ളസ്റ്ററുകളാണ് രൂപപ്പെട്ടത്. ഇവയിൽ പലതും ലാർജ് ക്ളസ്റ്ററുകളായിരുന്നു. ഇപ്പോൾ 13 ക്ളസ്റ്ററുകൾ ജില്ലയിലുണ്ട്.
ക്ളസ്റ്ററുകളിൽ രോഗവ്യാപനം കൂടുതൽ
ഇപ്പോഴും ക്ളസ്റ്ററുകളിൽ രോഗവ്യാപന തോത് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിവയാണ് പ്രധാന ക്ളസ്റ്ററുകൾ. ഏറ്റവും ഒടുവിൽ ക്ളസ്റ്റർ രൂപം കൊണ്ടത് പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു. ഇവിടെ 970 തടവുകാരിൽ 474 പേർക്കും കൊവിഡ് ബാധിച്ചിരുന്നു.തടവുകാർക്ക് രോഗം ഭേദമായെങ്കിലും തിരികെ ജയിലിൽ പാർപ്പിച്ചതോടെ പലർക്കും വീണ്ടും രോഗം പിടിപെട്ടു. വീണ്ടും ജയിലിൽ പുതിയ ക്ളസ്റ്റർ രൂപപ്പെടാനുള്ള സാദ്ധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പരിശോധന ഇനിയും കൂട്ടും
ജില്ലയിൽ കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കളക്ടർ നവജ്യോത് സിംഗ് ഖോസ പറഞ്ഞു. ഇതോടൊപ്പം കണ്ടെയ്ൻമെന്റ് സോണുകളിലും പരിശോധനകൾ കൂട്ടും. സോണുകൾ പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടും രോഗവ്യാപനതോത് ഉയർന്നു തന്നെ നിൽക്കുകയാണെന്നും ഖോസ ചൂണ്ടിക്കാട്ടി.