കാസർകോട്: കർണ്ണാടകയുമായി ബന്ധമുള്ള ഒരു ജ്യോത്സ്യരുടെ വീടിന് നേരെ ഗുണ്ടാസംഘം വെടിവയ്പ്പ് നടത്തിയെന്ന പ്രചാരണത്തിൽ ദുരൂഹത. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അനൂപ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും വെടിവയ്പ്പ് നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബുധനാഴ്ച രാത്രി 9.30ഓടെ രണ്ട് തവണ അജ്ഞാത സംഘം വെടിയുതിർത്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അതേസമയം പരാതിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
രാത്രി എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെന്നും ഒന്നും കണ്ടെത്തിയില്ലെന്നും വീട്ടുകാർ പറയുന്നു.
അതേസമയം പത്ത് മിനിട്ട് ഇടവിട്ട് രണ്ടുതവണ ശക്തമായ വെടിയൊച്ച കേട്ടുവെന്നാണ് ഒരു കിലോമീറ്റർ ദൂരത്തിൽ വരെ താമസിക്കുന്ന നാട്ടുകാർ പറഞ്ഞത്. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ വീടിന് പോറലുകളൊന്നും പറ്റിയതായി കണ്ടെത്താനും സാധിച്ചിട്ടില്ല.
അതിനിടെ സംഘം എത്തിയതെന്ന് സംശയിക്കുന്ന കാർ കണ്ടെടുത്തു പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ കാഞ്ഞങ്ങാട് രജിസ്ട്രേഷനിലുള്ള കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ പ്രദേശം കണ്ടെയ്ൻമെന്റ് സോണാണ്. റോഡ് അടച്ചിട്ടതിനാൽ ഇതുവഴി വാഹനങ്ങള് കടന്നു പോകുന്നില്ല. വെടിവയ്പ്പുണ്ടായ വീടിന് 60 മീറ്റർ അകലെ കാർ നിറുത്തി നടന്നെത്തിയാണ് വെടിയുതിർത്തതെന്ന സംശയമാണ് പൊലീസിനുള്ളത്. ഈ വാഹനത്തിൽ ചിലർ പത്ത് ദിവസത്തോളമായി ചുറ്റിക്കറങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടാസംഘം പണം ആവശ്യപ്പെട്ട് വീട്ടുകാരനെ ഭീഷണിപ്പെടുത്തിയിരുന്നതായും സംസാരമുണ്ട്. അതേസമയം കാർ ബന്തിയോട്ടെ സർവീസ് സെന്ററിൽ വച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാൽ റോഡരികിൽനിറുത്തിയതാണെന്നും ഇന്നലെ രാവിലെ ഇവിടെയെത്തിയ രണ്ട് പേര് എത്തിയിരുന്നു. എന്നാൽ, കാർ പൊലീസ് വിട്ടുകൊടുക്കാൻ തയാറായിട്ടില്ല.