covid

ന്യൂയോർക്ക് : ഒരു കൊവിഡ് വാക്സിന്റെ കാത്തിരിപ്പിലാണ് ലോകം. ഈ വർഷം അവസാനത്തോടെ വാക്സിൻ പ്രതീക്ഷിക്കാമെന്നാണ് അമേരിക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമൊക്കെ പറയുന്നത്. എന്നാൽ ഈ വർഷം പുറത്തിറങ്ങിയാലും എല്ലാവർക്കും ഉടൻ വാക്സിൻ ലഭ്യമാകില്ല. കുറഞ്ഞത് അടുത്ത വർഷം പകുതിയെങ്കിലും ആവാതെ എല്ലാ രോഗികളിലും വ്യാപകമായ കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിക്കേണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും കൃത്യമായി നിർണയിക്കുന്നതിന് മുന്നേ വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന ഫലപ്രാപ്തി മാനദണ്ഡങ്ങളുടെ 50 ശതമാനം പോലും ട്രയലുകൾ നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകളിൽ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിന് ഇനിയും സമയം വേണ്ടി വന്നേക്കാം.

കഴിഞ്ഞ മാസമാണ് വെറും രണ്ട് മാസത്തിനുള്ളിൽ നടന്ന മനുഷ്യരിലുള്ള പരീക്ഷണത്തിന് പിന്നാലെ റഷ്യ തങ്ങളുടെ വാക്സിന് അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസമാണ് യു.എസിൽ ഫൈസർ ഫാർമസ്യൂട്ടിക്കൽസും ആരോഗ്യമന്ത്രാലയവും ഒക്ടോബർ അവസാനത്തോടെ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് സൂചന നൽകിയത്. നവംബ‌ർ 3ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നേ വാക്സിൻ പുറത്തിറക്കാനാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് അടുത്ത വർഷം പകുതിയെങ്കിലും കഴിയാതെ വ്യാപകമായ വാക്സിനേഷന് സാദ്ധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം ഘട്ട ട്രയൽ പൂർത്തിയായാലും വാക്സിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എല്ലാവർക്കും നൽകാൻ സാധിക്കൂ എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.