ഹൈദരാബാദ്: തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിൽ പ്രകോപിതയായ യുവതി മുൻ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു. ആന്ധ്രാപ്രദേശിലെ കർനൂർ ജില്ലയിലാണ് സംഭവം. പലവ്യഞ്ജന കടയിലെ ജീവനക്കാരനായ നാഗേന്ദ്രയ്ക്ക് നേരെയായിരുന്നു ആക്രമണം.ഗുരുതരമായി പൊളളലേറ്റ ഇയാൾ ആശുപത്രിയിലാണ്. സുപ്രിയ എന്ന യുവതിയാണ് കൊടുംക്രൂരത ചെയ്തത്.
മൂന്നുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ ഇക്കാര്യം പരസ്യമായതാേടെ ഇരുവീട്ടിലും എതിർപ്പുയർന്നു.അതാേടെ നാഗേന്ദ്ര ബന്ധം അവസാനിപ്പിക്കുകയും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞമാസമായിരുന്നു വിവാഹം.
വിവരം അറിഞ്ഞതോടെ പ്രതികാരം ചെയ്തേ അടങ്ങൂ എന്ന് സുപ്രിയ തീരുമാനമെടുത്തു. കഴിഞ്ഞദിവസം അവസരം ഒത്തുകിട്ടിയതോടെ സുപ്രിയ നാഗേന്ദ്രയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയവരാണ് ഇയാളെ ആശുപത്രിയിലാക്കിയത്.
എന്നാൽ സുപ്രിയയുടെ അനുവാദത്തോടെയാണ് ബന്ധത്തിൽ നിന്ന് പിന്മാറിയതെന്നും ഇതിന് പണം വാങ്ങിയെന്നുമാണ് നാഗേന്ദ്ര പറയുന്നത്. നാഗേന്ദ്രയുടെ പരാതിയെത്തുടർന്ന് പൊലീസ് സുപ്രിയക്കെതിരെ കേസെടുത്തു.