kodiyeri

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ബലികഴിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേ‌രി ബാലകൃഷ്‌ണൻ.സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ക്രിയാത്മകമായി പ്രതികരിക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല.ബഹുജനങ്ങളെ അണിനിരത്തി കോൺഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സിപിഎം തീരുമാനിച്ചു.

സെപ്‌തംബർ 23ന് ഏരിയാ കേന്ദ്രങ്ങളിൽ സിപിഎം ബഹുജന കൂട്ടായ്‌മ നടത്തും.ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിനുണ്ടായ നഷ്ടം കേന്ദ്രം നികത്തി തരേണ്ടതാണ്. 16000 കോടി രൂപ നഷ്ടമാണ് ഇത്തരത്തിൽ സംസ്ഥാനത്തിനുണ്ടാകുന്നത്. ഇത് കേന്ദ്രം നികത്തി തരേണ്ടതാണ്. അതിനുപകരം വേണമെങ്കിൽ കടം വാങ്ങുവാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ ഒന്നും പറയാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ബിജെപി ശ്രമങ്ങൾക്ക് യുഡിഎഫ് കൂട്ട് നിൽക്കുകയാണ്. സർക്കാർ‌ പ്രഖ്യാപിച്ച പദ്ധതികളോട് ക്രിയാത്മകമായ നിലപാടല്ല യുഡിഎഫ് സ്വീകരിച്ചതെന്നും കോടിയേരി കു‌റ്റപ്പെടുത്തി.

എൽ ഡി എഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷശ്രമം. വെഞ്ഞാറമൂടിലുണ്ടായ രാഷ്‌ട്രീയ കൊലപാതകത്തിൽ കൊലപാതകികളെ മഹത്വവൽക്കരിക്കുകയും രക്തസാക്ഷികളെ ഗുണ്ടകളായി ചിത്രീകരിക്കാനും കോൺഗ്രസ് ശ്രമിക്കുന്നു.ആക്രമകാരികളെ പരസ്യമായി പ്രോത്‌സാഹിപ്പിക്കുകയാണ് കോൺഗ്രസെന്നും കോടിയേ‌രി ആരോപിച്ചു.

ബിനീഷ് കോടിയേ‌രിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും ബിനീഷിന്റെ കാര്യത്തിൽ ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നുവെന്നും തെ‌റ്റുകാരൻ ആണെങ്കിൽ തൂക്കി കൊല്ലട്ടേയെന്നും കോടിയേരി പറഞ്ഞു. ഇടത്പക്ഷ സർക്കാർ വന്ന ശേഷം അക്രമങ്ങൾ കുറവാണെന്നും ഇത് സർക്കാരിന്റെ ക്രമസമാധാനത്തിനുള‌ള അംഗീകാരമാണെന്നും കോടിയേരി പറഞ്ഞു.