ലോസ്ആഞ്ചലസ് : എവിടേക്ക് തിരിഞ്ഞാലും വിസ്കി.... വിസ്കി പ്രേമികളുടെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഹോട്ടലിനെ പറ്റിയാണ് പറഞ്ഞുവരുന്നത്. വിസ്കിയാണ് ഈ ഹോട്ടലിന്റെ പ്രധാന തീം. ഹോട്ടലിന്റെ എല്ലായിടത്തും ഒരു വിസ്കി ടച്ച് ഉണ്ടാകും. ' ദ വിസ്കി ഹോട്ടൽ ' എന്ന പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന്റെ നിർമാണം ലോസ്ആഞ്ചലസിലെ ഹോളിവുഡിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏഴ് നിലകളിലായാണ് ഹോട്ടൽ നിർമിക്കുന്നത്. 134 മുറികളാണ് ഹോട്ടലിൽ ഉണ്ടാവുക. 2022 ഓടെ ഹോട്ടൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിഥികളെ വിസ്കി നൽകിയായിരിക്കും സ്വീകരിക്കുക. ഹോട്ടൽ ലോബിയിൽ ഒരു വിസ്കി ഫൗണ്ടനും നിർമിക്കും. ! ഫൗണ്ടനിൽ നിന്നും ജലം ധാരയായി ഒഴുകുന്നതിന് പകരം വിസ്കി നുരഞ്ഞ് പതഞ്ഞ് പ്രവഹിക്കുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുമെന്ന് ഹോട്ടലിന്റെ ഉടമകൾ പറയുന്നു.
ഹോട്ടലിന്റെ മുകളിൽ വിശാലമായ ഒരു ബാർ ഉണ്ടാകും. ഒപ്പം എല്ലാ തരത്തിലുള്ള സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്ന ഒരു റെസ്റ്റോറന്റും ഉണ്ടാകും. ഇതിനെല്ലാം പുറമേ വിസ്കി ലഭ്യമാകുന്ന മിനി ബാറുകൾ എല്ലാ മുറികളിലുമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ തരം വിസ്കികൾ ഈ ബാറുകളിൽ ഉണ്ടാകും. അഡോൾഫോ സുവായ എന്നയാളാണ് വിസ്കി ഹോട്ടലിന് പിന്നിൽ. ലോസ്ആഞ്ചലസിൽ നിരവധി ബാറുകളും റെസ്റ്റോറന്റുകളും നടത്തുന്നയാളാണ് അഡോൾഫോ. ഹോട്ടലിലേക്കെത്തുന്ന അതിഥികളുടെ അഭിരുചിയ്ക്കനുസരിച്ച് വിസ്കിയുടെ ലഭ്യത ഉറപ്പാക്കാൻ വിവിധതരം വിസ്കികളിൽ പരിജ്ഞാനമുള്ള പ്രത്യേക സ്റ്റാഫിന്റെ സേവനവും ഇവിടെ ലഭ്യമാകും. സ്കോട്ട്ലൻഡിൽ സമാന രീതിയിലുള്ള സ്കോച്ച് വിസ്കി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലൊരു ഹോട്ടൽ കഴിഞ്ഞ വർഷം ലണ്ടനിലും തുറന്നിരുന്നു.