മോസ്കോ: അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റഷ്യയിൽ നടന്ന ഷാങ്ഹായി സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാങ്ഹായിയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ ഇന്ത്യ വിലമതിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിനെതിരെയുളള പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികളെ ഇന്ത്യക്ക് നേരിടേണ്ടതുണ്ട്. പ്രത്യേകിച്ചും തീവ്രവാദം, മയക്കുമരുന്നു കടത്ത്, അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിയിൽ അദ്ദേഹം ആശങ്ക അറിയിച്ചു. പരസ്പര ബഹുമാനത്തിൽ സമാധാനപരമായ ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും ഗൾഫ് മേഖലയിലെ രാജ്യങ്ങളോട് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികളെ നേരിടുന്നതിന് രാജ്യങ്ങൾ ഒരുമിച്ച് നിൽകേണ്ടതിന്റെ ആവശ്യവും ഷാങ്ഹായി സമ്മേളനത്തിൽ ഇന്ത്യ എടുത്തുകാട്ടി.