തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും രണ്ട് ഉപതിരഞ്ഞെടുപ്പുകളും പിന്നിട്ട് നിയമസഭാ ഇലക്ഷനിലേക്ക് സംസ്ഥാനം നീളുമ്പോൾ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷി എന്ന നിലയിൽ മുസ്ലീംലീഗ് 30 സീറ്റ് ആവശ്യപ്പെടുമെന്ന് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്ന് പാർലമെന്റ് സീറ്റുകളാണ് മുന്നണിയിൽ ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ, ലീഗിന് മൂന്നാം സീറ്റ് നൽകേണ്ടതില്ലെന്നായിരുന്നു ഉഭയ കക്ഷി ചർച്ചകളിലെ ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന ധാരണയുടെ പുറത്താണ് ലോക്‌സഭയിൽ മലപ്പുറം, പൊന്നാന്നി മണ്ഡലങ്ങളിൽ മാത്രം പാർട്ടി മത്സരിച്ചതെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്. ഒരു പാർലമെന്റ് മണ്ഡലത്തിൽ ഏഴ് നിയമസഭാ മണ്ഡലങ്ങൾ വരെ ഉണ്ടാകുമെന്നിരിക്കെ മൂന്നാം പാർലമെന്റ് സീറ്റിന് പകരമായി ആറ് നിയമസഭാ സീറ്റുകൾ കൂടി അവകാശപ്പെടാനാണ് പാർട്ടി നീക്കം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ഉൾപ്പടെ 24 മണ്ഡലങ്ങളിലായിരുന്നു മുസ്ലീം ലീഗ് മത്സരിച്ചത്. ഇതിൽ 18 എണ്ണത്തിലും വിജയിക്കാൻ ലീഗിനായി.
യു.ഡി.എഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 87 സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ നിർത്തി 22 എണ്ണത്തിൽ മാത്രം ജയിച്ചപ്പോഴായിരുന്നു 24ൽ 18 സീറ്റിലും ലീഗ് വിജയിച്ചത്. ഈയൊരു കണക്കുകൾ കൂടി വിലയിരുത്തിയാവും ലീഗ് കൂടുതൽ സീറ്റുകൾക്ക് അവകാശവാദം ഉന്നയിക്കുക. എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സി.പി.ഐ 25 പേരെ മത്സരിപ്പിക്കുന്നു എന്നതും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
തെക്കൻ ജില്ലകളിലും സീറ്റ് ചോദിക്കും
നിലവിൽ ഏഴു ജില്ലകളിൽ നിന്ന് മാത്രമാണ് ലീഗ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ തുടങ്ങിയ ജില്ലകളിൽ ലീഗിന് സീറ്റില്ല. ഈ ജില്ലകളിലെ ചില സീറ്റുകളിൽകൂടി പാർട്ടി അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ പ്രധാന പാർട്ടിയെന്ന നിലയിലും യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിലും തെക്കൻ കേരളത്തിൽ നിന്നും കൂടുതൽ സീറ്റുകളിൽനിന്ന് ജനവിധി തേടാൻ ലീഗിന് അവകാശമുണ്ടെന്നാണ് നേതാക്കളുടെ വാദം. തിരുവനന്തപുരത്തും കൊല്ലത്തും എം.എൽ.എമാരുണ്ടായിരുന്ന പാർട്ടിക്ക് തെക്കൻ ജില്ലകളിൽ മത്സരിക്കാൻ സീറ്റില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് തെക്കൻ കേരളത്തിൽ പാർട്ടി തകരാൻ കാരണമാകും എന്ന വിലയിരുത്തലിലാണ് പ്രാദേശിക നേതൃത്വങ്ങൾക്ക് ഉൾപ്പടെയുള്ളത്.
അന്നത്തെ സീറ്റുകൾ
തിരുവനന്തപുരം വെസ്റ്റിൽ നിന്ന് 1980ലും 1982ലും വിജയിച്ച ലീഗ് 87ൽ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തു. പിന്നെ തിരിച്ചുകിട്ടിയില്ല. ലീഗ് മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത തിരുവനന്തപുരത്തെ മറ്റൊരു സീറ്റാണ് കഴക്കൂട്ടം. കൊല്ലത്ത് ഇരവിപുരം, ലീഗ് സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ്. 91ൽ ഇവിടെ നിന്ന് ജയിച്ച പി.കെ.കെ ബാവ മന്ത്രിയുമായി. എൺപതിൽ ഇരവിപുരത്തും ചടയമംഗലത്തും ഒരേസമയം ലീഗ് മത്സരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലും ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മണ്ഡലത്തിലും ലീഗ് മത്സരിച്ചിട്ടുണ്ട്. തുടർന്ന് ഇരവിപുരത്തെ ഒറ്റ സീറ്റിൽ ഒതുങ്ങിയ ലീഗിന് പിന്നീട് ആർ.എസ്.പി, മുന്നണിയിലേക്ക് വന്നപ്പോൾ അതും വിട്ടുകൊടുക്കേണ്ടി വന്നു.