ബംഗളുരു: കന്നഡ സിനിമയിലെ പ്രമുഖർ ഉൾപ്പെട്ട ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളുരു സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീലാണ് ഈ വിവരം വ്യക്തമാക്കിയത്. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.
നടിയുടെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇവരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യെലഹങ്കയിലെ ഫ്ലാറ്റിൽനിന്നാണ് രാഗിണിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് ഈ നടപടിയുണ്ടായത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ വീട്ടിൽ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. രാഗിണിയോടും സുഹൃത്ത് രവിശങ്കറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. തുടർന്ന് രവിശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. നാളെ ഹാജരാകാമെന്ന് രാഗിണി അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല.
തുടർന്ന് രാഗിണിയോട് ഇന്ന് ഹാജാരാകാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങളിൽ അർത്ഥമില്ലെന്നും ലഹരി മാഫിയയുമായി ഒരു ബന്ധവും ഇല്ലെന്നും രാഗിണി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സഞ്ജനയുടെ സഹായി രാഹുലിനെയും വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. കന്നട സിനിമാ താരങ്ങൾക്ക് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് അവകാശപ്പെട്ടിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഞ്ജനയോടും ഹാജാരാകാൻ നിർദ്ദേശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കന്നട സിനിമാരംഗത്തെ 12 പ്രമുഖരെ കൂടി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.