robert-pattinson

ലോസ്ആഞ്ചലസ് : നടൻ റോബർട്ട് പാറ്റിൻസണിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാറ്റിൻസൺ നായകനായ ബിഗ്ബഡ്ജറ്റ് ബാറ്റ്മാൻ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നേരത്തെ നിറുത്തി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും തൊട്ടുപിന്നാലെ വീണ്ടും നിറുത്തിവയ്ക്കുകയും ചെയ്തു. ഒരു ക്രൂ അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് പ്രൊഡക്ഷൻ കമ്പനിയായ വാർണർ ബ്രദേഴ്സ് അറിയിച്ചിരുന്നു. എന്നാൽ അതാരാണെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

തുടർന്ന് വാനിറ്റി ഫെയർ ഉൾപ്പെടെയുള്ള ഹോളിവുഡ് മാദ്ധ്യമങ്ങൾ പാറ്റിൻസണിനാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് വെളിപ്പെടുത്തുകയായിരുന്നു. 34 കാരനായ പാറ്റിൻസൺ സെൽഫ് ഐസൊലേഷനിലാണെന്നാണ് റിപ്പോർട്ട്. പാറ്റിൻസണിന്റെ ഭാഗത്ത് നിന്നോ വാർണർ ബ്രദേഴ്സിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ രോഗത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. ബെൻ അഫ്ലേക് ഒഴിവായതിനെ തുടർന്നാണ് ' ട്വിലൈറ്റ് ' സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ പാറ്റിൻസൺ പുതിയ ചിത്രത്തിൽ ബാറ്റ്മാന്റെ വേഷം അവതരിപ്പിക്കുന്നത്. അടുത്ത വർഷം ജൂണോടെ ഈ ബാറ്റ്മാൻ ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇനി റിലീസ് തീയതി നീളും.