കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ഫോൺ വിളികളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേസിലെ പ്രതി അനൂപ് റഹ്‌മാനും ബിനീഷ് കോടിയേരിയും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നുവെന്നും മൂന്ന് മാസത്തിനിടെ ഇവർ തമ്മിൽ 76 തവണ ഫോൺ വഴി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജൂണിൽ മാത്രം ഇരുവരും തമ്മിൽ 58 തവണ വിളിച്ചുവെന്നും കോൾ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഓഗസ്റ്റ് മാസം 12 തവണ ബിനീഷും അനൂപും തമ്മിൽ സംസാരിച്ചു. ഇവർ ഇരുവരും എട്ട് മിനിറ്റ് നേരത്തോളം പരസ്പരം സംസാരിച്ചിരുന്നതായും കോൾ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്.
അനൂപിന്റെ കോൾ ലിസ്റ്റിൽ 'ഉണ്ട' സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാന്റെ ഫോൺ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. അനൂപ് സംവിധായകനെ അങ്ങോട്ട് വിളിച്ചതായാണ് ഫോൺ വിവരങ്ങൾ പരിശോധിക്കുമ്പോൾ കാണുന്നത്. ബിനീഷിന്റെ സുഹൃത്തായ അജ്‌മൽ പാലക്കണ്ടിയുടെ പേരും ഫോൺ വിളി പട്ടികയിലുണ്ട്.