മുംബയ് : ചൈനീസ് ഗെയിം ആപ്പായ പബ്ജി നിരോധിച്ചതിന്റെ വിഷമത്തിലിരിക്കുന്നവർക്കായി പുത്തൻ ആക്ഷൻ - മൾട്ടി പ്ലെയർ ഗെയിം ആപ്ലിക്കേഷൻ അവതരിപ്പിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫൗ - ജി ( FAU - G ) എന്നാണ് പുതിയ ഗെയിം ആപ്പിന്റെ പേര്. ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ് എന്നതാണ് ഫൗജിയുടെ പൂർണരൂപം. പ്രധാനമന്ത്രിയുടെ ആത്മനിർഭർ പദ്ധതിയ്ക്കുള്ള പിന്തുണയായാണ് അക്ഷയ് ഈ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
വിനോദത്തോടൊപ്പം നമ്മുടെ സൈനികരുടെ ത്യാഗങ്ങളെ പറ്റിയും ഈ ഗെയിമിലൂടെ അറിയാനാകുമെന്നും ഗെയിമിൽ നിന്നും നേടുന്ന വരുമാനത്തിന്റെ 20 ശതമാനം ' ഭാരത് ക വീർ ' ട്രസ്റ്റിന് സംഭാവനയായി നൽകുമെന്നും അക്ഷയ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫൗജി ഗെയിമിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും. ആദ്യമായാണ് അക്ഷയ് കുമാർ ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് പബ്ജി അടക്കമുള്ള 118 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. പബ്ജി ആരാധകരെല്ലാം നിരാശരായെങ്കിലും ഗെയിമിന്റെ മൊബൈൽ, ഡെസ്ക് ടോപ്പ് വേർഷനുകൾ ഇപ്പോഴും ലഭ്യമാണ്.