പാരീസ്: ഫുട്ബാൾ ലോകത്ത് പ്രമുഖ താരങ്ങൾ വീണ്ടും കൊവിഡിന്റെ പിടിയിൽ. പാരിസ് സെയ്‌ന്റെ ജെർമ്മയിന്റെ മൂന്ന് താരങ്ങൾക്കും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
ഗോൾ കീപ്പർ കെയ്ലർ നവാസ്, അർജന്റീനൻ സ്ട്രൈക്കർ മൗറോ ഇകാർഡി, ബ്രസീലിയൻ താരം മാർക്വിഞ്ഞോ എന്നിവരാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പി.എസ്.ജി താരങ്ങൾ. സൂപ്പർ താരം നെയ്മർ, എയ്ഞ്ചൽ ഡി മരിയ, പെരഡേസ് എന്നിവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പി.എസ്.ജിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഈ മാസം പത്തിന് ഫ്രഞ്ച് ലീഗ് ആരംഭിക്കുമ്പോൾ ഈ ആറ് താരങ്ങൾക്കും ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സ്ട്രൈക്കർ ഡീഗോ കോസ്റ്റയ്ക്കും ഡിഫൻഡർ സാന്റിയാഗോ അരിയസിനും പ്രീ സീസൺ പരിശീലനത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്രീവാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവർക്കും ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവർ ഐസൊലേഷനിൽ പ്രവേശിച്ചു.