thomas-k-thomas

ആലപ്പുഴ: വരാനിരിക്കുന്ന കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ സഖ്യകക്ഷിയായ എൻ.സി.പിയുടെ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വിവരം. ആന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ആണ് നിയമസഭാ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തുക എന്നാണ് അറിയാൻ കഴിയുന്നത്.

തോമസ് കെ. തോമസ് തന്നെയാണ് ഇത് സംബന്ധിച്ച തീരുമാനം ഒരു സ്വകാര്യ മലയാളം വാർത്താ ചാനലുമായി പങ്കുവച്ചത്. തോമസ് കെ. തോമസ് കുട്ടനാട്ടിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കുട്ടനാട്ടില്‍ തോമസിനെ സ്ഥാനാർത്ഥി ആക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവർക്ക് കത്തയച്ചിരുന്നു.

തോമസിനെ എൻ.സി.പി ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് താത്പര്യമെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2019 ഡിസംബർ 20ന് തോമസ് ചാണ്ടി അന്തരിച്ചതോടെയാണ് കുട്ടനാട് സീറ്റിൽ ഒഴിവ് വന്നത്.