k-surendran-

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബോംബ് നിർമാണത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.


സി.പി.എം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് വേണം സംശയിക്കാനെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സി.പി.എം ശ്രമിക്കാറുണ്ടെന്നും കതിരൂരിലെ ബോംബ് നിർമാണത്തെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്നും തന്റെ പ്രസ്താവനയിലൂടെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.