ഭോപ്പാൽ: അശനിപാതം പോലെ കനത്ത മഴ, റോഡിൽ നിറയെ കുണ്ടും കുഴികളും എന്നാൽ, ഇതൊന്നും ഗർഭിണിയായ തന്റെ പ്രിയതമയെ പിന്നിലിരുത്തി 1200 കിലോമീറ്റർ ബൈക്കിൽ സഞ്ചരിക്കാൻ ജാർഖണ്ഡ് സ്വദേശിയായ ധനഞ്ജയ് കുമാറിന് (27) തടസമായില്ല. ഭാര്യയായ സോണി ഹെബ്രാമിന് (22) മദ്ധ്യപ്രദേശിൽ നടക്കുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാനായാണ് ധനഞ്ജയ് ഈ സാഹസത്തിന് മുതിർന്നത്.
ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ നിന്നാണ് മദ്ധ്യപ്രദേശിലെ ഡി.എഡ് പരീക്ഷാ കേന്ദ്രമായ ഗ്വാളിയോറിൽ ഇവർ എത്തിയത്. ഭാര്യ ഒരു അദ്ധ്യാപികയായി കാണണമെന്ന ആഗ്രഹമാണ് ധനഞ്ജയെ ഈ ഒരു തീരുമാനത്തിലെത്തിച്ചത്. നാല് സംസ്ഥാനങ്ങളിലൂടെയാണ് ഇരവരും ലക്ഷ്യത്തിലെത്താൻ സഞ്ചരിച്ചത്.
ഗതാഗത മാർഗങ്ങൾ ലഭ്യമല്ലാത്തതിനാലാണ് സ്വന്തം ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിച്ചെതെന്ന് ധനഞ്ജയ് പറഞ്ഞു. യാത്രയ്ക്കായി ടാക്‌സി വിളിച്ചിരുന്നെങ്കിൽ 30,000 രൂപ ചെലവാകുമായിരുന്നുവെന്നും തങ്ങൾക്ക് അതൊരു വലിയ തുകയാണെന്നും ധനഞ്ജയ് കൂട്ടിച്ചേർത്തു.
ആഭരണം വിറ്റാണ് യാത്രയ്ക്ക് ആവശ്യമുള്ള 10,000 രൂപ ദമ്പതിമാർ സമാഹരിച്ചത്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കും മുറി വാടകയ്ക്കുമായി 5000 രൂപ ചെലവായി. ആഗസ്റ്റ് 28ന് യാത്ര ആരംഭിച്ച ദമ്പതിമാർ മുസാഫർപുർ, ലക്‌നൗ എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം തങ്ങി ആഗസ്റ്റ് 30നാണ് ഗ്വാളിയോറിലെത്തിയത്.
മഴ മൂലം ബുദ്ധിമുട്ടിയെന്നും യാത്രക്കിടയിൽ പനി വന്നിരുന്നെന്നും സോണി പറഞ്ഞു. പരീക്ഷയിൽ വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട് സോണിക്ക്. പരീക്ഷ സെപ്തംബർ 11 വരെ തുടരും.